ശവകുടീരത്തില്‍ നീയുറങ്ങുമ്പോഴും ഇവിടെ നിന്‍ വാക്കുറങ്ങാതിരിക്കുന്നു

മരണത്തിന്‌ ഒരു നൂറ്റാണ്ടിന്‌ ശേഷം ലോകത്തിന്റെ മറ്റൊരു കോണില്‍ തീര്‍ത്തും ഭിന്നമായ മറ്റൊരു കാലത്ത്‌ ജനിച്ചു വളര്‍ന്ന കവിയുടെ കാവ്യഭാവനയ്‌ക്ക്‌ വീര്യം പകരാന്‍ ഒരേയൊരു ചിന്തകന്‌ മാത്രമേ കഴിഞ്ഞെന്നു വരൂ. അതെ, കാള്‍ മാര്‍ക്‌സിനു മാത്രം. കാല്‍പനിക രോമാഞ്ചങ്ങള്‍ക്കും, ഗൃഹാതുരതകള്‍ക്കുമപ്പുറം, ലോകത്തെയാകെ പിടിച്ചുകുലുക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ നാളുകളിലും ലോകം പരിഹാരത്തിനായി മാര്‍ക്‌സിനെ വായിക്കുന്നു. അടിസ്‌ഥാനവര്‍ഗത്തിന്റെ അന്തസെന്തെന്ന്‌ മനസിലാക്കിക്കൊടുത്ത , ബൂര്‍ഷ്വാസിയുടെ ചൂഷണത്തിന്റെ ഇരകളായി നരകിക്കുന്ന നിസ്വവര്‍ഗത്തിന്‌ മോചനം സാധ്യമാണെന്ന്‌ വിളിച്ചുപറഞ്ഞ മാര്‍ക്‌സ്‌ ചരിത്രം പിറന്ന നാള്‍ മുതലുള്ള ചിന്തകന്മാര്‍ക്കും സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ക്കുമിടയില്‍ അനന്യമായ സ്‌ഥാനമാണ്‌ കൈയാളുന്നത്‌. അതുകൊണ്ടുതന്നെ മാര്‍ക്‌സിനെക്കുറിച്ച്‌ എഴുതപ്പെടുന്നതോ ചിത്രീകരിക്കപ്പെടുന്നതോ ആയ എന്തും വ്യാപകമായ ശ്രദ്ധനേടുകയും നിശിതമായിത്തന്നെ വിലയിരുത്തപ്പെടുകയും ചെയ്യും. റൗള്‍ പെക്കിന്റെ യംഗ്‌ കാള്‍ മാര്‍ക്‌സ്‌ എന്ന ചിത്രത്തിന്റെ കാര്യവും വിഭിന്നമല്ല. മാര്‍ക്‌സ്‌ എന്ന ലോകം കണ്ട ഏറ്റവും മികച്ച ചിന്തകന്റെ ജീവിതത്തിലെ ചെറുതെങ്കിലും പ്രധാനപ്പെട്ട ഒരു ഘട്ടത്തെ ആവിഷ്‌കരിക്കുക മാത്രമല്ല, വിയര്‍പ്പും ചോരയും കണ്ണീരും പലായനങ്ങളും നിറഞ്ഞ മാര്‍ക്‌സിന്റെ ദരിദ്രജീവിതത്തെ, മാര്‍ക്‌സ്‌ എന്ന ജെന്നിയുടെ ഭര്‍ത്താവും രണ്ടു പെണ്‍മക്കളുടെ അച്‌ഛനുമായ മനുഷ്യനെ ആവിഷ്‌കരിക്കുക കൂടി ചെയ്യുന്നു ഈ ബയോ പിക്‌.

മാര്‍ക്‌സും എംഗല്‍സും പാരീസില്‍ വെച്ച്‌ കണ്ടുമുട്ടുന്ന 1844 മുതല്‍ കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കപ്പെടുന്നതുവരെയുള്ള നാല്‌ വര്‍ഷക്കാലമാണ്‌ സിനിമയില്‍ കടന്നുവരുന്നത്‌. ഈ കാലഘട്ടത്തിലെ സംഭവങ്ങളിലൂടെ മാര്‍ക്‌സ്‌ എന്ന ചിന്തകനേക്കാള്‍ മാര്‍ക്‌സും മാര്‍ക്‌സിസവും രൂപപ്പെട്ട കാലത്തെ ആവിഷ്‌കരിക്കാനാണ്‌ സിനിമ ശ്രമിക്കുന്നത്‌. അത്‌ കൊണ്ട്‌ തന്നെ മാര്‍ക്‌സിയന്‍ ദര്‍ശനത്തിന്‍റെ അരികും പൊടിയും മാത്രമേ ഈ ചിത്രത്തില്‍ ആവിഷ്‌കരിക്കപ്പെടുന്നുള്ളൂ. എങ്കിലും ബൂര്‍ഷ്വാസി, പ്രോലിറ്ററേറ്റ്‌, മിച്ചമൂല്യം, സമ്പത്ത്‌ തുടങ്ങിയ അടിസ്‌ഥാന ആശയങ്ങളിലേക്ക്‌ ഉപരിപ്ലവമായിട്ടാണെങ്കിലും സിനിമ എത്തിനോക്കുന്നുണ്ട്‌. ജെനിയെ പ്രണയിക്കുകയും കാമിക്കുകയും ചെയ്യുന്ന, കുടുംബം പോറ്റാനുള്ള പങ്കപ്പാടിനിടെ എഴുത്ത്‌ തുടരാനാവാതെ കഷ്‌ടപ്പെടുന്ന, ചിരിക്കുകയും കരയുകയും രോഷാകുലനാകുകയും ചെയ്യുന്ന മാര്‍ക്‌സ്‌ എന്ന സാധാരണ മനുഷ്യനെയാണ്‌ ചിത്രത്തിലുടനീളം കാണാനാവുക. വിവിധഘട്ടങ്ങളില്‍ മാര്‍ക്‌സിന്‍റെ ചിന്താധാരയ്‌ക്ക്‌ വരുന്ന പരിണാമവും വളര്‍ച്ചയും ചിത്രം ആവിഷ്‌കരിക്കുന്നുണ്ട്‌. പ്രുദോമുമായും വൈറ്റ്‌ലിങ്ങുമായും ഹെഗലിയന്‍ ചിന്താധാര പിന്തുടരുന്ന മറ്റുള്ളവരുമായുമെല്ലാം മാര്‍ക്‌സ്‌ നിരന്തരം സംവാദത്തിലും വാഗ്വാദത്തിലും ഏര്‍പ്പെടുന്നു. അറിവില്ലാത്ത അധ്വാനവര്‍ണ്മത്തെ നേതാക്കന്മാരുടെ ഇച്‌ഛയ്‌ക്കൊത്ത്‌ നയിക്കുകയല്ല തങ്ങള്‍ക്ക്‌ വേണ്ടത്‌ തിരഞ്ഞെടുക്കാനുള്ള അറിവുള്ളവരാക്കിത്തീര്‍ക്കുകയാണ്‌ വേണ്ടത്‌ എന്ന്‌ മാര്‍ക്‌സ്‌ ഉറച്ചുവിശ്വസിക്കുന്നു. ഇത്‌ പറഞ്ഞുവെയ്‌ക്കാനുള്ള ശ്രമത്തിനിടെ മറ്റുള്ളവരുടെ വികാരങ്ങളെ അദ്ദേഹം പരിഗണിക്കുന്നേയില്ല, താന്‍ പറയുന്നത്‌ എന്താണെന്‌ ഉത്തമബോധ്യമുള്ള ഒരാള്‍ക്ക്‌ മാത്രം സാധ്യമാകുന്നതാണ്‌ ആ നിര്‍മമത. വൈറ്റ്‌ലിംഗുമായുള്ള സംവാദത്തിനിടെ വിമര്‍ശനമാണ്‌ മാര്‍ക്‌സിന്റെ സ്വഭാവമെന്നും മറ്റുള്ളവരെ തിന്നുതീര്‍ത്ത ശേഷം ആ വിമര്‍ശന ത്വര മാര്‍ക്‌സിനെത്തന്നെ തിന്നു തീര്‍ക്കുമെന്ന്‌ വൈറ്റ്‌ലിംഗ്‌ പറയുന്നുണ്ട്‌. നിരന്തരം സ്വയം വിമര്‍ശനം നടത്തിയും തിരുത്തിയും മുന്നോട്ടു പോകുന്ന മാര്‍ക്‌സിയന്‍ പ്രത്യയശാസ്‌ത്രത്തിന്‌ അടിത്തറ പാകാന്‍ പോകുന്നത്‌ ആ വിമര്‍ശന ത്വരയാണല്ലോ എന്നോര്‍ക്കുമ്പോഴാണ്‌ സിനിമയുടെ ആഴത്തിലേക്ക്‌ മാര്‍ക്‌സ്‌ ഇറങ്ങി നില്‍ക്കുന്നതായി മനസ്സിലാവുക.

മാര്‍ക്‌സും എംഗല്‍സും തമ്മിലുള്ള സൗഹൃദമാണ്‌ ചിത്രത്തിന്റെ മറ്റൊരു പ്രധാന പ്രതിപാദ്യം. അനിഷ്‌ടകരമായിത്തുടങ്ങി ആത്മസൗഹൃദമായി വളര്‍ന്ന ആ ബന്ധത്തിന്റെ വളര്‍ച്ച സിനിമ ആവിഷ്‌കരിക്കുന്നു. പരസ്‌പര ബഹുമാനത്തിലും ബൗദ്ധികമായ പങ്കു വെക്കലിനുമൊപ്പം ഒന്നിച്ച്‌ മദ്യപിച്ച്‌ പാതിരാത്രി വീട്ടിലെത്തുന്ന കൂട്ടുകാര്‍ കൗതുകമുള്ള കാഴ്‌ചയാണ്‌. എന്നാല്‍ വഴിയില്‍ പരിശോധന നടത്തുന്ന ഉദ്യോഗസ്‌ഥരില്‍ നിന്ന്‌ ഓടി രക്ഷപ്പെടുന്ന രംഗം കോമാളിക്കാഴ്‌ചയായി മാറുന്നുമുണ്ട്‌. എളുപ്പത്തില്‍ പ്രകോപിതനാകുന്ന മാര്‍ക്‌സിനെ ഉറപ്പിച്ചു നിര്‍ത്തുന്ന നങ്കൂരം പോലെ ചിത്രത്തില്‍ എംഗല്‍സ്‌ നിലകൊള്ളുന്നു. അനേകം മില്ലുകളുള്ള ധനികനായ പിതാവിന്റെ മകനായി ജീവിച്ചു കൊണ്ട്‌ അടിസ്‌ഥാന വര്‍ണ്മത്തിനായി നിലകൊള്ളുന്ന എംഗല്‍സിന്റെ സംഘര്‍ഷങ്ങളെ ആവിഷ്‌കരിക്കാന്‍ സിനിമയ്‌ക്ക്‌ കഴിഞ്ഞിട്ടില്ല. രസികനായ എംഗല്‍സിനെ അവതരിപ്പിക്കാനുള്ള ശ്രമം പാളിപ്പോവുകയും ചെയ്യുന്നു.

മാര്‍ക്‌സിനേയും എംഗല്‍സിനേയും പ്രകടനമികവ്‌ കൊണ്ട്‌ മറികടക്കുന്നത്‌ ശക്‌തരായ സ്‌ത്രീ കഥാപാത്രങ്ങളാണ്‌. മാര്‍ക്‌സിന്റെ ഭാര്യ ജെന്നിയും എംഗല്‍സിന്റെ പങ്കാളി മേരി ബേണ്‍സും സിനിമയില്‍ ശക്‌തമായ രാഷ്ര്‌ടീയ സാന്നിധ്യങ്ങളാകുന്നു. പ്രഭുകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന്‌ മാര്‍ക്‌സിനൊപ്പമുള്ള ദരിദ്രജീവിതം തെരഞ്ഞെടുത്തയാളാണ്‌ ജെന്നി. മാര്‍ക്‌സിനൊപ്പം രാഷ്ര്‌ടീയ യോഗങ്ങളില്‍ പങ്കെടുക്കുന്ന, അഭിപ്രായങ്ങള്‍ പറയുന്ന ജെന്നിയെ ചിത്രത്തില്‍ ഒട്ടാകെ കാണാം. ഒപ്പം സന്ധിഗ്‌ദ്ധതകളില്‍ ഉലഞ്ഞുപോകാതെ അദ്ദേഹത്തെ താങ്ങുന്ന നങ്കൂരമായും അവര്‍ മാറുന്നു. സമ്പന്നമായ ഒരു ജീവിതം തനിക്ക്‌ ബോറടിച്ചേനെ എന്നും വിപ്ലവകരമായ ഒരു ജീവിതം നയിക്കുന്നതാണ്‌ തനിക്കിഷ്‌ടമെന്നും എംഗല്‍സിനോടുള്ള മറുപടിയായി ജെന്നി പറയുന്നുണ്ട്‌. ഈ പഴഞ്ചന്‍ ലോകം പൊട്ടിത്തകരാന്‍ പോകുകയാണെന്നും പറയുന്നു. എന്നാല്‍, നമ്മള്‍ മൂന്നുപേരും ചേര്‍ന്ന്‌ പുതിയൊരു ലോകം നിര്‍മ്മിക്കാന്‍ ശ്രമിക്കും എന്ന്‌ എംഗല്‍സ്‌ പറയുമ്പോള്‍ അതിന്‌ നമ്മള്‍ മൂന്നുപേര്‍ മതിയാകും എന്ന്‌ തോന്നുണ്ടോ എന്ന മറുചോദ്യം കൊണ്ടാണ്‌ ജെന്നി എന്ന കഥാപാത്രം അതിശയിപ്പിക്കുന്നത്‌. ലീഗ്‌ ഓഫ്‌ ജസ്റ്റിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തന്നേയും മക്കളെയും വിട്ടുപോകാന്‍ വൈമനസ്യം കാണിക്കുമ്പോള്‍ മാര്‍ക്‌സിനെ അതൊരു വലിയ അവസരമാണെന്ന്‌ ബോധ്യപ്പെടുത്തി പറഞ്ഞയക്കുന്നതും ജെന്നിയാണ്‌. ജെന്നിയെ അവതരിപ്പിച്ച വിക്കി ക്രീപ്‌സ്‌ എന്ന നടി അഭിനയ മികവുകൊണ്ട്‌ സിനിമയിലെ മറ്റെല്ലാവരേയും മറികടക്കുന്നു.

എംഗല്‍സിന്റെ കാമുകിയായ മേരി ബേണ്‍സാണ്‌ തൊഴിലാളികളുടെ ദയനീയ സാഹചര്യങ്ങളെക്കുറിച്ച്‌ മനസ്സിലാക്കാന്‍ അദ്ദേഹത്തെ സഹായിക്കുന്നത്‌. ജീവിതപങ്കാളി എന്നതിനപ്പുറം പോരാട്ടങ്ങളില്‍ സഖാവും സഹായാത്രികയുമായിരുന്നു അവര്‍. വിവാഹം എന്ന ബൂര്‍ഷ്വാ വ്യവസ്‌ഥിതിയെ എതിര്‍ക്കുന്നതിനാല്‍ എംഗല്‍സും ബേണ്‍സും ഒരിക്കലും വിവാഹിതരായില്ല. ദരിദ്രജീവിതത്തിലാണ്‌ സംതൃപ്‌തി എന്നും അത്തരമൊരു ജീവിതത്തിലേക്ക്‌ കുഞ്ഞുങ്ങളെ ജനിപ്പിക്കേണ്ടതില്ല എന്നും അവരിരുവരും ചേര്‍ന്ന്‌ തീരുമാനിക്കുന്നു. മേരി ബേണ്‍സും സിനിമയിലെ ശക്‌തമായ സാന്നിധ്യമാണ്‌.

മാര്‍ക്‌സിന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു ഘട്ടത്തെ അവതരിപ്പിക്കുന്നതില്‍ ഏറെക്കുറെ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്‌. മാര്‍ക്‌സിസം എന്ന സങ്കീര്‍ണ്ണമായ പ്രത്യയശാസ്‌ത്രത്തെ ഒരു ബയോപിക്കില്‍ സംഗ്രഹിച്ച്‌ അവതരിപ്പിച്ച്‌ ഫലിപ്പിക്കാനാവുമെന്ന്‌ കരുതുന്നതില്‍ അര്‍ത്ഥമില്ല. ലോകത്തെ മാറ്റിമാറിച്ച ചിന്താപദ്ധതിയുടെ ഉപജ്‌ഞാതാവായി മാര്‍ക്‌സ്‌ നിലകൊള്ളുമ്പോള്‍ അദ്ദേഹത്തിന്‍റെ സംഭവബഹുലമായ കാലത്തെ അവതരിപ്പിക്കല്‍ സംവിധായകനെ സംബന്ധിച്ചിടത്തോളം വെല്ലുവിളി തന്നെയാണ്‌. ഒരു മഹത്തായ ചിത്രം എന്ന നിലയ്‌ക്കല്ലെങ്കിലും മാര്‍ക്‌സിന്റെ വ്യക്‌തിത്വത്തോട്‌ നീതിപുലര്‍ത്താനുള്ള ആത്മാര്‍ഥമായ ശ്രമം എന്ന നിലയ്‌ക്ക്‌ യംഗ്‌ കാള്‍ മാര്‍ക്‌സ്‌ ഓര്‍മ്മിക്കപ്പെടും. പുതിയ മാര്‍ക്‌സ്‌ വായനകളും മാര്‍ക്‌സിനെക്കുറിച്ചുള്ള ആഖ്യാനങ്ങളും ഇനിയും തുടര്‍ന്നുകൊണ്ടേയിരിക്കും.

ഡോ.സംഗീത ചേനംപുല്ലി

Leave a Reply

Your email address will not be published. Required fields are marked *