സ്വാസിക നായിക, ബിലഹരിയുടെ തുടരും

ഭര്‍ത്താക്കന്മാര്‍ സൂക്ഷിക്കുക കാരണം സ്വാസികയെ നായികയാക്കി ബിലഹരി സംവിധാനംചെയ്‌ത ചെറുസിനിമ തുടരും ഭര്‍ത്താക്കന്മാര്‍ക്കുള്ള ചുട്ടമറുപടിയാണ്‌. കല്യാണം കഴിഞ്ഞ്‌ ഭര്‍ത്താവിനൊപ്പം ജീവിക്കുന്ന ഭാര്യയുടെ ചെറുത്തുനില്‍പ്പാണ്‌ സിനിമ പറയുന്നത്‌.

കഥ നടക്കുന്നത്‌ കോവിഡ്‌ കാലത്താണ്‌. നഗരത്തിലെ സാമ്പത്തിക സ്ഥിതിയുള്ള വീട്ടിലാണ്‌ യുവദമ്പതികളായ വിദ്യയും ഭര്‍ത്താവും താമസിക്കുന്നത്‌. നിറംപിടിപ്പിച്ച വീട്‌, വീട്ടില്‍ കാറ്‌, അലങ്കാരങ്ങള്‍, നെറ്റ്‌ ഉള്‍പ്പെടെയുള്ള പുതിയകാലത്തിന്റെ സുഖസൗകര്യങ്ങള്‍ ഉള്ള വീട്ടില്‍ പക്ഷേ ദമ്പതികളില്‍ ഭാര്യ ഒരു യന്ത്രമാണ്‌. അയാള്‍ നേരാം നേരം പറയുന്നത്‌ അനുസരിക്കുന്ന ഒരു യന്ത്രം. അവള്‍ അസ്വസ്ഥയാണ്‌. ഏത്‌ സമയവും ഭാര്യ വിദ്യയെ ഭര്‍ത്താവ്‌ കണ്ടതിനും കേട്ടതിനും കുറ്റം പറയുകയാണ്‌. അവള്‍ നേരത്തേ എണീക്കുന്നില്ല. അവള്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിന്‌ രുചിപോരാ.

അവള്‍ക്ക്‌ ഉച്ചത്തില്‍ പാട്ടുകേള്‍ക്കാന്‍ സ്വാതന്ത്രമില്ല. അവളുടെ വീട്ടില്‍നിന്ന്‌ വരുന്ന അമ്മയുടെ വീഡിയോകോള്‍പോലും ഇഷ്ടപ്പെടാത്ത ഭാര്‍ത്താവ്‌. ഭര്‍ത്താവിന്‌ മൂന്ന്‌ നേരവും വച്ചുവിളമ്പി കൊടുക്കുക, കൊടുത്താല്‍ തന്നെ എന്തെങ്കിലും കുറ്റവും കുറവും കണ്ടുപിടിച്ച്‌ അവളെ അവഗണിക്കുന്നു. ഒാരോ ദിവസവും അവള്‍ സഹിക്കുകയാണ്‌, ക്ഷമിക്കുകയാണ്‌, പോരാടുകയാണ്‌.


എന്നാല്‍ ഒടുവില്‍ ആ യന്ത്രം സ്വയം ആസ്വദിക്കാന്‍ തുടങ്ങുന്നു. ഒരു ദിവസം അവളുടെ ഭാവം മാറുന്നു. ഭര്‍ത്താവിന്റെ ദൈനംദിന വിളി കേള്‍ക്കുന്ന വിദ്യ. ഭര്‍ത്താവിന്റെ ധിക്കാരപരമായവിളിയെ വീണ്ടും അനുസരിക്കുമോ ? അല്ലെങ്കില്‍ തലേദിവത്തെ കാര്യങ്ങള്‍ അതേപോലെ വിദ്യ തുടരുമോ ? അങ്ങനെയുള്ള കുറേ ചോദ്യങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ വിട്ടുകൊടുത്തിട്ടാണ്‌ ബിലഹരി ചെറുസിനിമ അവസാനിപ്പിക്കുന്നത്‌.

ഈ വിഷയം കാലികമാണ്‌. സ്‌്‌ത്രീകള്‍ ഒരുതരത്തിലും ചൂഷണം ചെയ്യരുത്‌. അവര്‍ ഇപ്പോള്‍ സമൂഹിക മാധ്യമങ്ങളിലൂടെ ശക്തമായി പ്രതികരിക്കുന്നുണ്ട്‌. സ്‌ത്രീകള്‍ ഇപ്പോള്‍ സമത്വത്തിനായി ധൈര്യപൂര്‍വം രംഗത്ത്‌ വരുന്നു. ദാമ്പത്യജീവിതത്തില്‍ പല കാരണങ്ങള്‍ക്കൊണ്ട്‌ ഒന്നും പുറത്ത്‌ പറയാതെ ക്ഷമിച്ച്‌ സഹിച്ച്‌ സ്‌ത്രീ ചെറുത്തുനില്‍ക്കുന്നു. അങ്ങനെയുള്ള യുവദമ്പതികളുടെ അവസ്ഥയാണ്‌ തുടരും എന്ന ചെറുസിനിമയിലൂടെ പറയാന്‍ ശ്രമിച്ചെതെന്ന്‌ ബിലഹരി പറയുന്നു

ദമ്പതികളില്‍ വിദ്യയ്‌ക്ക്‌ വേഷപ്പകര്‍ച്ച നല്‍കിയത്‌ സ്വാസികയാണെങ്കില്‍ ഭര്‍ത്താവായി അഭിനയിച്ചിരിക്കുന്നത്‌ റാം മോഹനാണ്‌. ചെറുസിനിമയുടെ കഥ ശ്യാം നാരായണനാണ്‌ എഴുതിയിരിക്കുന്നത്‌. വിനോദ്‌ വടക്കനാണ്‌ ചിത്രം നിര്‍മിച്ചിരിക്കുന്നത്‌. ജാഫര്‍ അത്താണിയാണ്‌ ഛായാഗ്രഹണം, പശ്ചാത്തലസംഗീതം സുദീപ്‌ പളനാട്‌, ചിത്രസംയോജനം വിജയ്‌ കട്ട്‌സ്‌.

മലയാളത്തില്‍ അരവിന്ദനെയും കെജി ജോര്‍ജിനെയും ഇഷ്ടപ്പെടുന്ന ബിലഹരി കെ രാജിന്‌ പുതിയ തലമുറയില്‍ ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകന്‍ ദിലീഷ്‌ പോത്തനാണ്‌. കുഞ്ചാക്കോ ബോബനെ നായകനാക്കി ബിലഹരി സംവിധാനം ചെയ്‌ത ചിത്രമാണ്‌ അള്ള്‌ രാമേന്ദ്രന്‍.

എഴോളം ചെറുസിനിമകള്‍ സംവിധാനംചെയ്‌തതിനുശേഷമാണ്‌ ബിലഹരി പോരാട്ടം എന്ന ആദ്യഫീച്ചര്‍ സിനിമ പരീക്ഷണാടിസ്ഥാനത്തില്‍ സംവിധാനം ചെയ്യുന്നത്‌. 2017ല്‍ വിപ്ലവാത്മക മുന്നേറ്റത്തോടെ മോളിവുഡിലെത്തിയ പോരാട്ടം പ്രിമിയര്‍ഷോ മാത്രമേ നടത്തിയിരുന്നുള്ളൂ. സിനിമ ഒടിടി ഫ്‌ലാറ്റ്‌ഫോമില്‍ റിലീസ്‌ ചെയ്യാനും തീരുമാനിക്കുന്നുണ്ടെന്ന്‌ ബിലഹരി പറയുന്നു.

( സിനിമാവുഡ്‌ കൊച്ചി, തൃശൂര്‍ )

Leave a Reply

Your email address will not be published. Required fields are marked *