ശബ്‌ദകഥയല്ല ഇതൊരു പൂരക്കഥ

സിനിമയില്‍ ശബ്‌ദത്തിന്റെ സാധ്യതകള്‍ എങ്ങനെയെല്ലാം പ്രയോഗിക്കാമെന്നും ശബ്‌ദത്തിനു നിറങ്ങളായും വികാരങ്ങളായും ജീവിതമുഹൂര്‍ത്തങ്ങളുമായും എങ്ങനെ ഇഴചേര്‍ന്നുപോകുന്നുവെന്നും ലോകസിനിമാപ്രേമികള്‍ക്കു മനസിലാക്കിക്കൊടുത്ത കലാകാരനാണ്‌ റസൂല്‍ പൂക്കുട്ടി. ശബ്‌ദലേഖകന്‍ എന്ന പേരുതന്നെ മലയാളികളില്‍ അര്‍ഥവത്താകുന്നത്‌ റസൂല്‍ പൂക്കുട്ടിയിലൂടെയാണ്‌. രജത്‌ കപൂര്‍ സംവിധാനംചെയ്‌ത പ്രൈവറ്റ്‌ ഡിക്‌റ്ററ്റീവ്‌ എന്ന ഹിന്ദിചിത്രത്തില്‍ ശബ്‌ദലേഖകനായാണ്‌ റസൂല്‍ പൂക്കുട്ടി സിനിമയിലെത്തുന്നത്‌. പിന്നീട്‌ ബ്ലാക്ക്‌, ട്രാഫിക്‌ സിഗ്നല്‍, ഗാന്ധി മൈ ഫാദര്‍, ദസ്‌ കഹാനിയാന്‍ എന്നീ ചിത്രങ്ങളിലൂടെ ശബ്‌ദലേഖകന്‍ എന്ന ജോലി അതിവിദഗ്‌ധമായി കൈക്കാര്യം ചെയ്‌തു. സ്ലം ഡോഗ്‌ മില്യണയറിലെ ശബ്‌ദലേഖനത്തിനാണ്‌ റസൂല്‍ പൂക്കുട്ടിക്ക്‌ ഓസ്‌കാര്‍ പുരസ്‌കാരം ലഭിക്കുന്നത്‌. പിന്നീട്‌ നന്‍പന്‍, ഹൈവേ, രാവണ്‍, യെന്തിരന്‍ എന്നീ ചിത്രങ്ങളില്‍ ശബ്‌ദലേഖകനായി. മലയാളത്തില്‍ കേരളവര്‍മ പഴശിരാജ, ആദാമിന്റെ മകന്‍ അബു, പത്തേമാരി, കമ്മാരസംഭവം എന്നീ ചിത്രങ്ങളില്‍ ശബ്‌ദലേഖകനായി പ്രവര്‍ത്തിച്ചു. ഇപ്പോളിതാ തൃശൂര്‍ പൂരത്തിന്റെ ശബ്‌ദസാധ്യകള്‍ പകര്‍ത്തുന്ന രാജീവ്‌ പനയ്‌ക്കല്‍ നിര്‍മിക്കുന്ന ചിത്രം ദ സൗണ്ട്‌ സ്‌റ്റോറിയില്‍ റസൂല്‍ പൂക്കുട്ടി അഭിനയിക്കുന്നു. ദ സൗണ്ട്‌ സ്‌റ്റോറിയില്‍ നായകനായി എത്തിയ സാഹചര്യത്തെക്കുറിച്ച്‌ റസൂല്‍ പൂക്കുട്ടിയോട്‌ ചോദിക്കാം.

താങ്കള്‍ക്ക്‌ അഭിനയിക്കാനുള്ള ഓഫര്‍ വന്നിട്ടുണ്ടോ ?

അഭിനയിക്കാന്‍ മുമ്പ്‌ നിരവധിപേര്‍ വിളിച്ചിട്ടുണ്ട്‌. ജയരാജ്‌ വിളിച്ചിട്ടുണ്ട്‌. ബാലചന്ദ്രമേനോന്‍ വിളിച്ചിട്ടുണ്ട്‌. പക്ഷേ ഞാന്‍ അഭിനയം പ്രൊഫഷണല്‍ ആയി കണ്ടില്ല. ഇങ്ങനെ ഒരു മാറ്റവും ഉണ്ടാകുമെന്ന്‌ വിചാരിച്ചതല്ല. സൗണ്ട്‌ റിക്കോഡിംഗ്‌ എന്ന എന്റെ ജോലിയുടെ ഭാഗമായി ഉരുതിരിഞ്ഞുവന്ന സംഭവമാണ്‌ ഈ അഭിനയം. എനിക്കുവേണ്ടി എഴുതിയുണ്ടാക്കിയ ചിത്രമോ എനിക്കുവേണ്ടി ലോഞ്ച്‌ ചെയ്യാനുള്ള ചിത്രമോ അല്ല. ഇങ്ങനെയാരു സിനിമയില്‍ അഭിനയിക്കുമൊന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്‌തതല്ല.

തൃശൂര്‍ പൂരത്തിന്റെ ശബ്‌ദം എങ്ങനെ ശബ്‌ദലേഖകന്‍ എന്ന നിലയില്‍ താങ്കളെ സ്വാധീനിച്ചു ?

തൃശൂര്‍ പൂരം റെക്കോര്‍ഡ്‌ ചെയ്യണമെന്ന്‌ വലിയൊരു ആഗ്രഹമായിരുന്നു. അത്‌ ഞാന്‍ മുമ്പ്‌ ഒരു അഭിമുഖത്തില്‍ പറഞ്ഞത്‌ കണ്ടാണ്‌ രാജീവ്‌ പനയ്‌ക്കല്‍ എന്റ ഓഫീസുമായി ബന്ധപ്പെട്ടത്‌. ` ഞങ്ങള്‍ തൃശൂര്‍ക്കാരാണ്‌. തൃശൂര്‍ പൂരം ഞങ്ങള്‍ക്ക്‌ സിനിമയില്‍ പകര്‍ത്തണമെന്നുണ്ട്‌ ‘. അങ്ങനെയാണ്‌ പ്രസാദ്‌ വഴി രാജീവ്‌ എന്നെ സമീപിക്കുന്നത്‌. പണം മുടക്കാം ഇങ്ങനെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടങ്കില്‍ചെയ്യൂ. അത്‌ പ്രസാദാണ്‌ ഇങ്ങനെ അതൊരുസിനിമയുടെ സാധ്യതയിലേക്കു കൊണ്ടുവരുന്നത്‌. അങ്ങനെയാണ്‌ ദ സൗണ്ട്‌ സ്‌റ്റോറി എന്ന സിനിമ ഉണ്ടാകുന്നത്‌. പ്രസാദ്‌ എന്റെ മാനേജരാണ്‌. എന്റെ കാര്യങ്ങള്‍നോക്കി എന്റെതൊപ്പം നില്‍ക്കുകയായിരുന്നു. മാത്രമല്ല സിനിമയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന ഒരാളാണ്‌. അങ്ങനെയാണ്‌ പ്രസാദ്‌ സംവിധാനം ഏറ്റെടുക്കുന്നത്‌. പ്രസാദ്‌ ഒരു പടം മുമ്പ്‌ ചെയ്‌തിട്ടുണ്ട്‌. അങ്ങനെയാണ്‌ സൗണ്ട്‌ സ്‌റ്റോറി എന്ന സിനിമ പ്രസാദ്‌ പ്രഭാകര്‍ സംവിധാനംചെയ്യുന്നത്‌. അതേസമയം പൂരത്തിന്റെ ഡോകുമെന്ററി ഉണ്ണിമലയിലാണ്‌ സംവിധാനംചെയ്യുന്നത്‌.

സൗണ്ട്‌ സ്‌റ്റോറിയിലെ താങ്കളുടെ റോള്‍ ?

സൗണ്ട്‌ സ്‌റ്റോറിയില്‍ ഒരു സൗണ്ട്‌ ഡിസൈനറുടെ റോളാണ്‌ ഞാന്‍ അഭിനയിക്കുന്നത്‌. പൂരം റെക്കോര്‍ഡ്‌ ചെയ്യാന്‍ ഇവിടെ എത്തിചേര്‍ന്ന ഒരു സൗണ്ട്‌ ഡിസൈനറായാണ്‌ ഞാന്‍ സിനിമയില്‍ വരുന്നത്‌. കുടുംബം, പ്രണയം അങ്ങനെയുള്ള എലമെന്റുകളൊന്നും ഈ സിനിമയിലില്ല. അത്തരം ഒരു സിനിമയല്ലയിത്‌. ശബ്‌ദമല്ല. പൂരത്തിനാണ്‌ പ്രാധാന്യം. ലോകത്തിലെ ഏറ്റവും വലിയ സൗണ്ട്‌ ഫെസ്റ്റിവെലാണ്‌ തൃശൂര്‍പൂരം. ഇങ്ങനെയൊരു സംഭവം ലോകത്ത്‌ എവിടേയുമില്ല. അതുകൊണ്ട്‌ അത്‌ ഹൈലറ്റ്‌ ചെയ്യുക. ശബ്‌ദകഥയല്ല. ഇതൊരുപൂരക്കഥയാണ്‌.

ഇത്‌ ഫീച്ചര്‍ സിനിമതന്നെയാണോ ?

സിനിമചെയ്യാന്‍ വേണ്ടിവന്നതല്ല ഞാന്‍. പൂരം റെക്കോഡ്‌ ചെയ്യാന്‍വന്നതാണ്‌. ഒരു ഡോകുമെന്ററി ആയിരുന്നു ആദ്യം പ്ലാന്‍ ചെയ്‌തത്‌. പൂരംചെയ്യുന്ന കൂട്ടത്തില്‍ പൂരത്തിന്റെ എലമെന്റ്‌സ്‌ എല്ലാം ഞങ്ങള്‍ അനലൈസ്‌ ചെയ്യുകയായിരുന്നു. യാദൃശ്‌ചികമായി ആനക്കോട്ടയില്‍ പോയിരുന്നു. അവിടെ ഒരു ആനയെ കണ്ടു. പാപ്പാന്‍ പറഞ്ഞു. പൂരത്തിന്‌ നില്‍ക്കുന്ന പ്രധാനിയായ ആനയാണിത്‌. ആ ആനയ്‌ക്ക്‌ കണ്ണുകാണാന്‍ പറ്റില്ല. അപ്പോള്‍ കണ്ണുകാണാത്ത ഒരാള്‍ എങ്ങനെയായിരിക്കും പൂരം ആസ്വാദിക്കുകയെന്ന്‌ ചിന്തിച്ചു. അങ്ങനെയാണ്‌ ഒരു സിനിമയുടെ സാധ്യതയിലേക്ക്‌ എത്തുന്നത്‌.
ഇത്‌ ഡോകുമെന്ററിയല്ല. സാധാരണ ഫീച്ചര്‍ കോമേര്‍ഷ്യല്‍സിനിമയാണ്‌. മലയാളത്തിനുപുറമെ തമിഴ്‌ തെലുങ്ക്‌ ഹിന്ദി പിന്നീട്‌ ഇംഗ്ലീഷിലേക്കും മൊഴിമാറ്റും. ഒരു കഥൈ സൊല്ലട്ടുമാ എന്നാണ്‌ തമിഴില്‍ പേരിട്ടിരിക്കുന്നത്‌.

സിനിമയില്‍ സൗണ്ടിന്റെ സാധ്യത ?

സിനിമയില്‍ സൗണ്ടിന്‌ സാധ്യതയുണ്ടോയെന്ന്‌ ചോദിച്ചാല്‍ ഉണ്ട്‌. അത്‌ നമ്മള്‍ അതിന്റേതായ തലത്തില്‍ ഉപയോഗിക്കുന്നുണ്ടോയെന്ന്‌ ചോദിച്ചാല്‍ ഇല്ല. മമ്മൂട്ടിയുടെ സിനിമയില്‍ സൗണ്ട്‌ പ്രാധാന്യമല്ല. മമ്മൂട്ടിയാണ്‌ അവിടെ മുഖ്യം. അല്ലെങ്കില്‍ കഥയാണ്‌ മുഖ്യം. അതുകൊണ്ട്‌ ഒരു കൊമേര്‍ഷ്യല്‍ സിനിമയില്‍ സൗണ്ടിന്‌ പ്രാധാനമുണ്ടോയെന്ന്‌ ചോദിച്ചാല്‍ അത്രയില്ല. ഉപയോഗിക്കാം. ഉപയോഗിച്ചിട്ടുണ്ട്‌.
ബ്ലാക്ക്‌ ചെയ്യുമ്പോള്‍ കേള്‍വിയാണ്‌ അതിന്റെ പ്രധാനം. പത്തേമാരിയില്‍ സൗണ്ടിന്റെ കളറേഷനാണ്‌ പ്രാധാന്യം. പത്തേമാരിയില്‍ ദൃശ്യത്തോടൊപ്പംതന്നെ സൗണ്ടിന്റെ കളറിംഗിനും പ്രാധാന്യമുണ്ട്‌. അത്‌ എത്രപേര്‍ കണ്ടു. മനസിലാക്കിയെന്നുള്ളത്‌ വിഷയമല്ല. ഏതെങ്കിലും ഒരു ഫിലിംസ്റ്റുഡന്റ്‌ മനസിലാക്കും. അല്ലെങ്കില്‍ കുറച്ച്‌ പ്രേക്ഷകര്‍ മനസിലാക്കുമായിരിക്കും.

അടൂരിന്റെ സിനിമകളില്‍ ` ശബ്‌ദംകൊണ്ട്‌ ക്ലോസപ്പ്‌ ‘ ചെയ്‌തിട്ടുണ്ടെന്ന്‌ ചില നിരൂപകര്‍ കണ്ടെത്തിയിട്ടുണ്ട്‌ ?

ഹൈവേയിലും ബ്ലാക്ക്‌ ആയാലും സ്ലംഡോഗിലും പഴശിരാജയായാലും സൗണ്ടിന്റെ അങ്ങേയറ്റത്തെ സാധ്യതകള്‍ വരുത്തിയിട്ടുണ്ട്‌. പിന്നെ ` ശബ്‌ദംകൊണ്ട്‌ ക്ലോസപ്പ്‌ ‘ എന്നൊക്കെയുള്ള ഇന്റലക്‌ച്ചല്‍ സ്‌റ്റേറ്റ്‌മെന്റൊന്നും ആരും എന്റ സിനിമകണ്ട്‌ നടത്തിയിട്ടില്ല. എന്റെ അറിവിലില്ല. നാളെ ഏതെങ്കിലും നിരൂപകരോ സിനിമാഗവേഷകയോ വിദ്യാര്‍ഥിയോ നടത്തുമായിരിക്കും.

ലെനിന്‍കൃഷ്‌ണ

Leave a Reply

Your email address will not be published. Required fields are marked *