സീ യു സൂണിനെ പ്രശംസിച്ച്‌ തൃഷ

മോളിവുഡ്‌ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കുമെന്ന്‌ തെളിയിച്ച സീ യു സൂണിനെ പ്രശംസിച്ച്‌ ദക്ഷിണേന്ത്യന്‍ നടി സോഷ്യല്‍ മാധ്യമത്തില്‍ കുറിച്ചത്‌ വൈറലാകുന്നു. എന്റെ മലയാളി വേരുകളില്‍ ഞാന്‍ അഭിമാനിക്കുന്നു എന്ന്‌ പറഞ്ഞാണ്‌ തൃഷ കുറിച്ചത്‌. 2020 ലെ മികച്ച സിനിമയാണ്‌ മഹേഷ്‌ നാരാണയണന്‍ സംവിധാനം ചെയ്‌ത സീ യു സൂണ്‍ എന്നും തന്റെ മലയാളി വേരുകളില്‍ അഭിമാനം കൊള്ളുന്നുവെന്നും നടി കുറിച്ചു. ഇന്‍സ്റ്റാഗ്രാമിലാണ്‌ തൃഷ സീ യു സൂണിനെ പ്രശംസിച്ച്‌ കുറിച്ചത്‌.

സീ യു സൂണിനെക്കുറിച്ച്‌ രമേഷ്‌ പെരുമ്പിലാവ്‌ എഴുതുന്നു – ഇന്ന്‌ സിനിമയെന്നല്ല ഒരു കാര്യവും നേരെ ചൊവ്വേ ചെയ്യാന്‍ പറ്റാത്ത ഒരു ജീവിത സാഹചര്യത്തിലൂടെയാണ്‌ ലോകം കടന്നുപോകുന്നത്‌. എങ്കിലും പലരും തങ്ങളാലാവുംവിധം ഇടപെടലുകള്‍ പല മേഖലകളില്‍ നടത്തുന്നുണ്ട്‌. കലയിലും അതിന്റെ അനുരണനങ്ങള്‍ പലവിധത്തില്‍ പ്രതിഫലിക്കുന്നുണ്ട്‌. എല്ലാം ഓണ്‍ലൈനിലേയ്‌ക്ക്‌ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടതാണ്‌ വര്‍ത്തമാന ജീവിതം. അത്തരമൊരു ജീവിത സാഹചര്യത്തില്‍ ഏറെ വെല്ലുവിളികളോടെ കുറച്ച്‌ കലാകാരന്മാര്‍ ഒരു സിനിമയുമായി നമുക്ക്‌ മുന്നില്‍ എത്തിയതിന്റെ സാക്ഷിപത്രമാണ്‌ സീ യു സൂണ്‍ എന്ന ചലച്ചിത്രം. അവരുടെ ഇച്ഛാശക്തി എത്ര ആഴത്തിലുള്ളതാണ്‌ എന്ന്‌ കാട്ടിത്തരുന്നു ഈ സിനിമയുടെ പെര്‍ഫക്ഷന്‍. അങ്ങനെയൊന്നും തോറ്റുകൊടുക്കാന്‍ ഒരുക്കമല്ലായെന്ന്‌ ഫഹദ്‌ ഫാസിലും കൂട്ടുകാരും സീ യു സൂണിലുടെ പറയുമ്പോള്‍ മലയാള സിനിമയ്‌ക്ക്‌ ഒരു ഉണര്‍വ്വും പുത്തനാശായങ്ങളും കൂടിയാണ്‌ സംഭവിക്കുന്നത്‌. എങ്ങനെ തുടങ്ങണം എന്ന അന്താളിപ്പിന്‌ മുന്നില്‍ ഒരു വഴിവിളക്കാവും ഈ സിനിമ എന്ന്‌ നിസ്സംശയം പറയാം. വെര്‍ച്ച്വല്‍ ലോകത്തിന്റെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ്‌ സീ യു സൂണ്‍ പൂര്‍ണ്ണമായും ചിത്രീകരിച്ചിരിക്കുന്നത്‌. കമ്പ്യൂട്ടര്‍ സ്‌ക്രീനും സ്‌മാര്‍ട്ട്‌ ഫോണ്‍ ഡിസ്‌പ്ലേയും തിരശ്ശീലയാവുന്ന വേറിട്ടൊരു കാഴ്‌ചയുടെ തിര ലോകം കാണികള്‍ക്ക്‌ മുന്നില്‍ തുറന്നിടുന്നു.

വീഡിയോ കോളുകളുടെ ഷോട്ടുകളിലൂടെയാണ്‌ സിനിമ മുന്നോട്ട്‌ സഞ്ചരിക്കുന്നത്‌. എന്നാലതൊരിക്കല്‍ പോലും കാഴ്‌ചക്കാരനെ ഇതെന്താ എല്ലാം ഇങ്ങനെയെന്നൊരു ചിന്തയുണ്ടാക്കുന്നില്ല. മറിച്ച്‌ പ്രേക്ഷകനെ ആകര്‍ഷിക്കുകയാണ്‌ ചെയ്യുന്നത്‌. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, ഓരോ കാണിയും ഇത്തരം സാഹചര്യങ്ങളിലൂടെയാണ്‌ ഇന്ന്‌ ജീവിച്ചു പോകുന്നത്‌ എന്നതിനാല്‍ അതവന്‌, അവള്‍ക്ക്‌ തന്റെ ജീവിതം കടന്നുപോകുന്നതു പോലെ എന്ന അവസ്ഥയാണ്‌ ഉണ്ടാക്കുന്നത്‌. സിനിമ അതുകൊണ്ട്‌ കൂടുതല്‍ പ്രിയങ്കരമാവുന്നു.
വിരല്‍ത്തുമ്പുകൊണ്ട്‌ ഏത്‌ നിമിഷവും ആരും നമ്മുടെ ജീവിതത്തിലേക്ക്‌ കടന്നുവരാം. ഹായ്‌ എന്നൊരു വാക്കിലൂടെ പല ബന്ധങ്ങളും വലക്കണ്ണികളില്‍ കുടുങ്ങി പോകുന്നുണ്ട്‌. സിനിമയിലെ നായകന്‍ ജിമ്മിയും (റോഷന്‍ മാത്യു) നായിക അനുവും (ദര്‍ശന രാജേന്ദ്രന്‍) കണ്ടുമുട്ടുന്നതു ഇതേ യാദൃശ്ചികതയിലൂടെയാണ്‌.
ദുബായില്‍ ജീവിക്കുന്നവരാണ്‌ ജിമ്മിയും അനുവും. പരിചയം, സൗഹൃദം, പ്രണയം എന്നിങ്ങനെ വളരുന്ന അവരുടെ അടുപ്പം, വീട്ടുകാരെ അറിയിച്ച്‌ വിവാഹത്തിലേയ്‌ക്ക്‌ വളരെ പെട്ടെന്ന്‌ പ്രവേശിക്കുന്ന ഘട്ടത്തിന്‌ തൊട്ടു മുമ്പ്‌ ഉണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവങ്ങളില്‍ ആകെ തകിടം മറിയുന്നു.
അവിടം മുതല്‍ പ്രേഷകനെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു സീ യു സൂണ്‍. ജിമ്മിയുടെയും അനുവിന്റെും ബന്ധത്തിന്‌ പിന്നീടെന്താണ്‌ സംഭവിക്കുന്നതെന്നണ്‌ ചിത്രം പറയുന്നത്‌. ജിമ്മിയുടെ കസിന്‍ കെവിന്‍ (ഫഹദ്‌ ഫാസില്‍) എന്ന ഐടി പ്രഫഷണല്‍ സിനിമയുടെ ഗതിവിഗതികളില്‍ നിര്‍ണ്ണായകമായ സാന്നിദ്ധ്യമായ കേന്ദ്ര കഥാപാത്രമാണ്‌. പതിവു പോലെ തന്റെ അഭിനയ മികവ്‌ ഒരിക്കല്‍ കൂടി അടയാളപ്പെടുത്തുന്നതാണ്‌ ഫഹദിന്റെ കെവിന്‍ തോമസ്‌. ഒരു ഐടി പ്രൊഫഷണലിന്റെ രൂപഭാവങ്ങളിലേക്കും മാനുഷിക മൂല്യങ്ങള്‍ ഹൃദയത്തിന്റെ മടിത്തട്ടില്‍ കാത്തുസൂക്ഷിക്കുന്ന യഥാര്‍ഥ മനുഷ്യനിലേക്കും ഫഹദ്‌ വളരെ ലളിതമായി പരകായപ്രവേശം നടത്തുന്നുണ്ട്‌. അഭിനയത്തോടൊപ്പം നിര്‍മ്മതാവിന്റെ വേഷവും ഈ കെട്ടകാലത്ത്‌ ഏറ്റെടുത്ത്‌ വിജയിപ്പിച്ച തൂവല്‍ കൂടി ഫഹദിന്റെ തൊപ്പിയില്‍ സ്ഥാനം പിടിക്കും.
മലയാള സിനിമയില്‍ തൊട്ടപ്പനിലൂടെയും കപ്പേളയിലൂടെയും മൂത്തേനിലൂടെയും മിന്നുന്ന താരമായി മുന്നോട്ട്‌ സഞ്ചരിക്കുന്ന റോഷന്‍മാത്യുവിന്റെ ജിമ്മി, ഫഹദിനൊപ്പം മല്‍സരിച്ചഭിനയിച്ചിരിക്കുന്നു. നായികാവേഷം ദര്‍ശന രാജേന്ദ്രന്‍ മനോഹരമായി അവതരിപ്പിച്ചു. വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തിലും അഭിനയസാധ്യത ഏറെയുള്ള വേഷത്തെ നടി ഭംഗിയാക്കി. റോഷന്‍ മാത്യുവിന്റെ അമ്മയായി മാലാ പാര്‍വതിയും, കൂട്ടുകാരനായി സൈജു കുറുപ്പ്‌, തങ്ങളുടെ വേഷങ്ങള്‍ മികച്ചതാക്കി. എഴുത്തുകാരനായും എഡിറ്ററായും മികവ്‌ തെളിയിച്ച ബഹുമുഖപ്രതിഭയാണ്‌ മഹേഷ്‌ നാരായണന്‍. ടേക്ക്‌ ഓഫ്‌ എന്ന സിനിമ തന്നെ അദ്ദേഹത്തിന്റെ സംവിധാന മികവിന്റെ മികച്ച ഉദാഹരണം. സബിന്റെ ഛായാഗ്രഹണവും ഗോപി സുന്ദറിന്റെ സംഗീതവുമൊക്കെ സിനിമയെ കൂടുതല്‍ മനോഹരമാക്കുന്നു. പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ചും ഇത്രയേറെ മികച്ച ഒരു സിനിമ നിര്‍മ്മിക്കാനായി എന്നത്‌ സീ യു സൂണിനു പിന്നില്‍ പ്രവര്‍ത്തിച്ച ഓരോ വ്യക്തിക്കും അഭിമാനിക്കാനാകുന്ന നേട്ടമാണ്‌. തനിക്ക്‌ ചുറ്റുമുള്ള നിരവധി പേര്‍ക്ക്‌ പ്രചോദനവും, പുതിയ തുടക്കവും കൂടിയാവുന്നു ഈ സിനിമ.

( രമേഷ്‌ പെരുമ്പിലാവ്‌ )

മഞ്‌ജുവിന്റെ കയറ്റം ബുസാന്‍ മേളയിലേക്ക്‌

മഞ്‌ജു വാരിയര്‍ നായികയായി അഭിനയിച്ച സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്‌ത കയറ്റം ബുസാന്‍ അന്താരാഷ്‌ട്ര ഫിലിം ഫെസ്‌റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. ഒരാള്‍പ്പൊക്കം, ഒഴിവുവദിവസത്തെ കളി, എസ്‌ ദുര്‍ഗ, ചോല എന്നീ ചിത്രങ്ങള്‍ക്കുശേഷം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനംചെയ്യുന്ന ചിത്രമാണ്‌ കയറ്റം. ലോകസിനിമയിലേക്കുള്ള മഞ്‌ജു വാരിയര്‍ എന്ന നടിയുടെ കാല്‍വയ്‌പ്പും കൂടിയാണ്‌ ഈ കയറ്റം. അപകടം നിറഞ്ഞ ഹിമാലയന്‍ പര്‍വതനിരകളിലൂടെയുള്ള ട്രെക്കിംഗ്‌ പശ്ചാത്തലമാണ്‌ സനല്‍കുമാറിന്റെ പുതിയസിനിമയുടെ ഇതിവൃത്തം. കയറ്റത്തിന്റെ സംവിധാനത്തിനുപുറമേ തിരക്കഥയും എഡിറ്റിങ്ങും സൗണ്ട്‌ ഡിസൈനിംഗും സനല്‍കുമാര്‍ ശശിധരന്‍ തന്നെയാണ്‌ നിര്‍വഹിക്കുന്നത്‌. മഞ്‌ജു വാരിയര്‍കൂടി നിര്‍മാണ പങ്കാളിയാകുന്ന കയറ്റം ഷാജി മാത്യു, അരുണ മാത്യു എന്നിവരും ചേര്‍ന്ന്‌ നിര്‍മിക്കുന്നു. ഒക്‌ടോബര്‍ 7മുതല്‍ 16വരെയാണ്‌ ബുസാന്‍ ഫിലിം ഫെസ്‌റ്റിവല്‍.

കനി കുസൃതിക്ക്‌ അന്താരാഷ്‌ട്ര പുരസ്‌കാരം

കനി കുസൃതിക്ക്‌ ബിരിയാണി സിനിമയിലൂടെ അന്താരാഷ്‌ട്ര പുരസ്‌കാരം. സ്‌പെയിനിലെ മാഡ്രിഡിലെ ഇമാജിന്‍ ഫിലിം ഫെസ്റ്റിവലിലാണ്‌ സജിന്‍ ബാബുസംവിധാനംചെയ്‌ത ബിരിയാണിയിലൂടെ കനി കുസൃതിക്ക്‌ മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം കിട്ടിയിരിക്കുന്നത്‌. പ്രശസ്‌ത അഫ്‌ഗാനിസ്ഥാന്‍ നടി ലീന അലാമും , അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന പ്രമുഖ കസക്കിസ്ഥാന്‍ സിനിമ നിര്‍മ്മാതാവായ ഓള്‍ഗ കലഷേവ എന്നീ അംഗങ്ങളായ ജൂറിയാണ്‌ അവാര്‍ഡ്‌ നിര്‍ണയിച്ചത്‌. ഇറ്റലിയിലെ റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലില്‍ വേള്‍ഡ്‌ പ്രീമിയറായി പ്രദര്‍ശിച്ച ബിരിയാണി മികച്ച സിനിമക്കുള്ള നെറ്റ്‌പാക്ക്‌ അവാര്‍ഡ്‌ നേടിയിരുന്നു. ബാംഗ്ലൂര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാര്‍ഡ്‌, മികച്ച തിരക്കഥക്കുള്ള പത്മരാജന്‍ പുരസ്‌കാരം, ലോകത്തിലെ ഏറ്റവും മികച്ച 15 ഫിലിം ഫെസ്റ്റിവലില്‍ ഒന്നായ 42മത്‌ മോസ്‌കോ ഫിലിം ഫെസ്റ്റിവലില്‍ ബ്രിക്‌സ്‌ മത്സര വിഭാഗത്തിലെ സെലക്ക്‌ഷന്‍, അമേരിക്ക, ഫ്രാന്‍സ്‌, ജര്‍മ്മനി, നേപ്പാള്‍ തുടങ്ങി വിവിധ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവല്‍ സെലക്ഷന്‍സ്‌ എന്നിവയ്‌ക്ക്‌ ശേഷമാണ്‌ മികച്ച രണ്ടാമത്തെ നടിക്കുള്ള ഈ പുരസ്‌കാരം.

( സിനിമാവുഡ്‌ കൊച്ചി, തൃശൂര്‍)

Leave a Reply

Your email address will not be published. Required fields are marked *