ഇതിഹാസ ഗായകന്‍

ഇന്ത്യന്‍ സിനിമാസംഗീതത്തിലെ ഇതിഹാസ ഗായകന്‌ ഇനി മൗനം. പക്ഷേ ഇതിഹാസ ഗായകന്‍ പാടിയ ഗാനങ്ങള്‍ ലോകം പാടും. എസ്‌പി ബാലസുബ്രഹമണ്യം വിവിധ ഭാഷകളില്‍ പാടിയ പാട്ടുകള്‍ എന്നും ലോകത്തിന്‌ അനശ്വരമായിരിക്കും. ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ ഹരികഥാ കലാക്ഷേപ കലാകാരനായ സാമ്പമൂര്‍ത്തിയുടെയും ശകുന്തളാമ്മയുടെയും മകനായി 1946 ലാണ്‌ എസ്‌പി ബാലസുബ്രഹമണ്യത്തിന്റെ ജനനം. എന്‍ജിനീയര്‍ ആകാനായിരുന്നു ഈ ഗായകന്‌ ആഗ്രഹം. എന്നാല്‍ ഒരു വിഷയത്തില്‍ തോറ്റതിനെത്തുടര്‍ന്ന്‌ സംഗീതത്തിലേക്ക്‌ വഴിമാറി സഞ്ചരിക്കുകയായിരുന്നു. സംഗീത മത്സരങ്ങളിലും വദികളിലും പാടി പേരെടുത്ത എസ്‌പിബി അങ്ങനെ സിനിമാ സംഗീതത്തിലേക്കും ഒഴികിയെത്തി പാട്ടിന്റെ പാലാഴിയായി. 1966ല്‍ തെലുങ്കുസിനിമയിലൂടെയായിരുന്നു അരങ്ങേറ്റം.

ശ്രീ ശ്രീ ശ്രീ മര്യാദ രാമണ എന്ന സിനിമയില്‍ പാടി ഉള്ളിലെ സംഗീതസമുദ്രം കാണിച്ച്‌ ലോകത്തെ എസ്‌പിബി വിസ്‌മിപ്പിച്ചു. തെലുങ്ക്‌ സിനിമയിലൂടെ വന്ന എസ്‌പി ബാലസുബ്രഹമണ്യത്തിന്‌ തമിഴിലേക്ക്‌ വാതില്‍ തുറന്നത്‌ സംഗീതസംവിധായകന്‍ എംബി ശ്രീനിവാസനായിരുന്നു. തമിഴ്‌ സിനിമയാണ്‌ എസ്‌പി ബാലസുബ്രഹമണ്യത്തിലെ സംഗീതത്തെ സമുദ്രമാക്കിയത്‌.

തമിഴ്‌, മലയാളം, തെലുങ്ക്‌, കന്നട, ഹിന്ദി തുടങ്ങിയ പതിനാറു ഭാഷകളിലായി നാല്‌പതിനായിരത്തില്‍ കൂടുതല്‍ പാട്ടുകള്‍ പാടി എസ്‌പിബി ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ ഗന്ധര്‍വനായി.

സംഗീത ചക്രവര്‍ത്തി ഇളയരാജയ്‌ക്ക്‌ വേണ്ടി പാടിയ പാട്ടുകള്‍ വിസ്‌മയങ്ങളാണ്‌. എആര്‍ റഹ്മാന്‌ വേണ്ടി എസ്‌പിബി പാടിയ പാട്ടുകള്‍ പുതുതലമുറയെ ഇളക്കി മറച്ചു. റഹ്മാന്റെ ഈണങ്ങളിലൂടെ എസ്‌പി ബാലസുബ്രഹമണ്യം പുതുതലമുറയുടെ ഹരമായി. ദളപതിയില്‍ ഇളയരാജയുടെ സംഗീതത്തിന്‌ ഗാനഗന്ധര്‍വന്‍ യേശുദാസിനൊപ്പം മത്സരിച്ച്‌ പാടിയത്‌ വിസ്‌മയമാണ്‌.

അഞ്ചുപതിറ്റാണ്ട്‌ വിവിധ തലമുറയില്‍പ്പെട്ട സംഗീതസംവിധായകര്‍ക്ക്‌ വേണ്ടി എസ്‌പിബി പാടി. രജനീകാന്ത്‌, മമ്മൂട്ടി, പ്രഭുദേവ, അരവിന്ദ്‌ സ്വാമി ഇങ്ങനെ വിവിധ തലമുറകള്‍ എസ്‌പിബിയുടെ മാസ്‌മര സ്വരത്തില്‍ അഭിനയിച്ച്‌ പ്രേക്ഷകരുടെ സ്‌നേഹവും ആരാധനവും സ്വന്തമാക്കി.

ഇന്ത്യയിലെ മികച്ച ഗായകനുള്ള ദേശീയപുരസ്‌കാരം ആറുതവണ നേടിയ എസ്‌പി ബാലസുബ്രഹമണ്യന്റെ ഏറ്റവും അനശ്വരഗാനമാണ്‌ ശങ്കരാ… എന്നു തുടങ്ങുന്ന ഗാനം.

2001ല്‍ പത്മശ്രീയും 2011ല്‍ പത്മഭൂഷനും നല്‍കി രാജ്യം ആദരിച്ച എസ്‌പി ബാലസുബ്രഹമണ്യം ഗായകനുപുറമേ നടനും നിര്‍മാതാവും സംഗീതസംവിധായകനും നിര്‍മാതാവും ആയിരുന്നു. സാവിത്രിയാണ്‌ ഭാര്യ. ചരണും പല്ലവിയും മക്കളാണ്‌.

( സിനിമാവുഡ്‌ കൊച്ചി )  

Leave a Reply

Your email address will not be published. Required fields are marked *