ഷേപ്പ് ഓഫ് ലവ് 

ലാറ്റിന്‍ അമേരിക്കന്‍ സിനിമയില്‍ ദൃശ്യസൗന്ദര്യത്തിന്റെ നിഗൂഢതയും ഭീതിഭംഗിയും പകര്‍ന്ന പാന്‍സ്‌ ലാബരിന്ത്‌’ എന്ന സിനിമയുടെ സംവിധായകന്‍ ഡെല്‍ ടൊറോയുടെ ഷേപ്പ്‌ ഓഫ്‌ വാട്ടര്‍ അമേരിക്കന്‍ വര്‍ത്തമാനകാല അധികാരവര്‍ഗത്തോടുള്ള പ്രതികാരത്തിന്റെ രൂപവുംകൂടിയാണ്‌. മെക്‌സിക്കന്‍ വര്‍ഗത്തോടും കുടിയേറ്റക്കാരോടും അകല്‍ച്ചയും അവഗണനയും കാണിക്കുന്ന കാലത്ത്‌ ഷേപ്പ്‌ ഓഫ്‌ വാട്ടര്‍ ഒരു പൊളിറ്റിക്കല്‍ റൊമാന്റിക്‌ മറുപടിയുമാണ്‌. `ഷേപ്പ്‌ ഓഫ്‌ വാട്ടര്‍’ മികച്ച ചിത്രം, മികച്ച സംവിധാനം, മികച്ച ബാക്ക്‌ ഗ്രൗണ്ട്‌ മ്യൂസിക്‌, മികച്ച പ്രൊഡക്ഷന്‍ ഡിസൈനിംഗ്‌ തുടങ്ങിയ 2017ലെ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ കരസ്‌ഥമാക്കി.
ശീതയുദ്ധകാലത്ത്‌ സൗത്ത്‌ അമേരിക്കന്‍ സമുദ്രത്തില്‍നിന്നും പിടികൂടിയ ജലമനുഷ്യനെ കൊണ്ടുവരുന്നു. അമേരിക്കന്‍ സര്‍ക്കാരിന്റെ കീഴിലെ ഗവേഷണശാലയില്‍ കനത്ത സുരക്ഷയില്‍ ജലജീവിയെഅതിരഹസ്യമായി സൂക്ഷിക്കുന്നു. പരീക്ഷണശാലയിലെ ജീവനക്കാരികളാണ്‌ ഊമയായ എലിസയും സെല്‍ഡയും ജൈല്‍സും. അതിരഹസ്യമായി ജലസംഭരണിയില്‍ സൂക്ഷിച്ച ജലമനുഷ്യനെ തൂപ്പുകാരിയായ എലിസ രഹസ്യമായി ചെന്നുകാണുന്നു. ആദ്യമൊക്കെ അവള്‍ ജലജീവിയുടെ വികൃതരൂപയും കണ്ട്‌ ഭയപ്പെടുന്നുണ്ടെങ്കിലും പിന്നീട്‌ സൗഹൃദത്തിലാകുന്നു. ജലമനുഷ്യനോട്‌ ഇഷ്‌ടവുംകൂടുന്നു. പിന്നീട്‌ ഇടയ്‌ക്കിടിടെ ജലജീവിയെ രഹസ്യമായി വന്നുകാണുന്നു. ആംഗ്യങ്ങളിലൂടെ ആശയവിനിമയംനടത്തുന്നു. പിരിയാന്‍മറ്റാത്ത വിധം അവരുടെ അനുരാഗം സമര്‍ഥമായാണ്‌ സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നത്‌. അവരുടെ ആലിംഗനങ്ങളും സ്വപ്‌നസദൃശ്യമായ പ്രണയും ജലരതിയും ഭീതിയാര്‍ന്നവൈകാരിക ഭാവവും ഏറെ മനോഹരമായാണ്‌ ചിത്രത്തലുടനീളം ദൃശ്യവത്‌കരിച്ചിരിക്കുന്നത്‌. ഷേപ്പ്‌ ഓഫ്‌ ലൗ അല്ലെങ്കില്‍ പ്രണയത്തിന്റെ രൂപം എങ്ങനെയാണെന്ന്‌ സംവിധായകന്‍ അവരുടെ പ്രണയത്തിലൂടെ വരച്ചുകാണിക്കുന്നു.
എന്നാല്‍ കടല്‍മനുഷ്യനെ കൊല്ലാനുള്ള പരീക്ഷണശാലാ അധികൃതരുടെ തീരുമാനം എലിസയെ വേദനിപ്പിക്കുന്നു, ഞെട്ടിപ്പിക്കുന്നു. റഷ്യന്‍ചാരനായ ശാസ്‌ത്രജ്‌ഞന്റെ നേതൃത്വത്തില്‍ ജലമനുഷ്യനെ എലിസയും സഹപ്രവര്‍ത്തകരുംചേര്‍ന്ന്‌ എലിസയുടെ ദൂരെയുള്ള മുറിയിലേക്കുമാറ്റുന്നു. ക്ഷുഭിതരായ ഗവേഷണശാലയിലെ അധികൃതര്‍ ജലമനുഷ്യനെ തേടിഅലയുന്നു. വെടിവയ്‌പ്പും സംഘര്‍ഷവുമായി സിനിമയുടെ അവസാനഘട്ടംവികസിക്കുന്നു. പിന്നീട്‌ സ്‌ഥിരം ഹോളിവുഡ്‌ സിനിമയുടെ മാതൃക പിന്‍തുടരുമ്പോഴും ഷേപ്പ്‌ ഓഫ്‌ വാട്ടര്‍ പുതുദൃശ്യങ്ങളാല്‍ മിഴിവേകുന്നു. അമേരിക്കയുടെ യുദ്ധക്കൊതിക്കെതിരേയുള്ള ചുട്ടമധുരപ്രതികാരംകൂടിയാണ്‌ ഷേപ്പ്‌ ഓഫ്‌ വാട്ടര്‍. അക്കാദമിഅവാര്‍ഡിനുള്ള 13 ഓളം നോമിനേഷനുകളാണ്‌ ഈ ചിത്രത്തിനുകിട്ടിയത്‌. 2017 ല്‍ വെനീസ്‌ ഇന്റര്‍നാഷണല്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച ഷേപ്പ്‌ ഓഫ്‌ വാട്ടര്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരവും നേടിയിരുന്നു.

ലെനിന്‍ കൃഷ്‌ണ

Leave a Reply

Your email address will not be published. Required fields are marked *