വിന്യസിക്കപ്പെട്ട ആന്തരസംഘര്‍ഷങ്ങള്‍

സ്‌ത്രീ-പുരുഷ ബന്ധങ്ങള്‍ക്കുള്ളില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദമേഖലകളും അവയുടെ തുടര്‍ച്ചയായ അസ്വസ്‌ഥതകളും ഇറാനിയന്‍ സംവിധായകനായ അസ്‌ഗര്‍ ഫര്‍ഹാദിയുടെ പ്രിയപ്പെട്ട വിഷയമാണ്‌. മികച്ച വിദേശഭാഷാചിത്രത്തിനുള്ള 2012 ലെ ഓസ്‌കാര്‍ നേടിയ എ സെപ്പറേഷന്‍ എന്ന ചിത്രത്തിന്റെ മറ്റൊരു ശൈലിയിലുള്ള തുടര്‍ച്ച എന്ന്‌ അത്‌ കൊണ്ട്‌ തന്നെ സെയില്‍സ്‌മാന്‍ എന്ന ചിത്രത്തെ കാണാവുന്നതാണ്‌.
യാഥാസ്‌ഥിതിക, മതകേന്ദ്രീകൃത സാമൂഹ്യവ്യവസ്‌ഥ സ്‌ത്രീയുടെ സ്‌ഥാനവും അവളെ എപ്രകാരം പുരുഷന്‍ തന്റേതുമാത്രമായി സംരക്ഷിച്ച്‌ സൂക്ഷിക്കണമെന്നും കൃത്യമായി നിര്‍വചിച്ചുവെച്ചിട്ടുണ്ട്‌. ആധുനിക കാലഘട്ടത്തില്‍ നഗരങ്ങളിലെ സ്‌ത്രീകള്‍ ഭൗതികമായെങ്കിലും ഇത്തരം ചട്ടക്കൂടുകളില്‍ നിന്ന്‌ പുറത്തുകടക്കുന്നുണ്ട്‌. അത്‌ കൊണ്ടാണ്‌ വീട്ടിനുപുറത്തുപോയി ജോലിചെയ്യാനും സെയില്‍സ്‌മാനിലെ നായിക റാണയെപ്പോലെ നാടകത്തില്‍ അഭിനയിക്കാനുമെല്ലാം സാധിക്കുന്നത്‌. പക്ഷേ ആന്തരികമായി അവളെയും കുടുംബവ്യവസ്‌ഥിതിയെ തന്നേയും ചൂഴ്‌ന്നുനില്‍ക്കുന്ന നിയമസംഹിതകള്‍ക്ക്‌ കാര്യമായ മാറ്റമൊന്നും ഇന്നും സംഭവിച്ചിട്ടില്ല. സ്‌ത്രീയുടെ വിശുദ്ധി എന്ന സങ്കല്‍പ്പവും, അത്‌ സംരക്ഷിക്കേണ്ടവനാണ്‌ അവളുടെ പുരുഷന്‍ എന്ന സങ്കല്‍പ്പവും ഉള്ളടരുകളില്‍ നിലനില്‍ക്കുന്നിടത്തോളം അതിനെക്കുറിച്ചുള്ള ആശങ്കകളും സംശയങ്ങളും അവര്‍ തമ്മിലുള്ള വിനിമയങ്ങളെ ബാധിക്കാതിരിക്കില്ല.
നായ മനുഷ്യന്‍ എന്ന നിലയ്‌ക്കുള്ള അയാളുടെ സാമൂഹികാസ്‌തിത്വത്തെ അപ്രതീക്ഷിതമായ ഒരു സംഭവം എങ്ങനെ മാറ്റിമറിക്കുന്നു എന്ന്‌ കൂടി ഈ സിനിമയ്‌ക്ക്‌ വിഷയമാകുന്നുണ്ട്‌. മികച്ചവിദേശഭാഷാചിത്രത്തിനുള്ള 2017 ലെ ഓസ്‌കാര്‍ അവാര്‍ഡ്‌ നേടിയതോടെ അഞ്ച്‌ വര്‍ഷത്തിനിടെ രണ്ട്‌ തവണ ഈ അവാര്‍ഡ്‌ നേടിയ സംവിധായകനായി അസ്‌ഗര്‍ഫര്‍ഹാദി മാറി.

അപ്രതീക്ഷിതമായ ഒരു സംഭവം മതി ജീവിതത്തെ മാറ്റിമറിക്കാന്‍ എന്ന്‌ ചിത്രം കാണിച്ചു തരുന്നു. ഭാര്യയുടെ വിശുദ്ധിയെക്കുറിച്ചുള്ള ആകുലതയ്‌ക്കൊപ്പം ആക്രമകാരിയായ മറ്റൊരു പുരുഷനില്‍ നിന്ന്‌ അവളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന കുറ്റബോധം കൂടി ചേരുമ്പോള്‍ അത്‌ എമാദിന്റെയും റാണയുടേയും സ്വസ്‌ഥദാമ്പത്യത്തില്‍ വിള്ളലുകള്‍ വീഴ്‌ത്തുന്നു. സിനിമയുടെ തുടക്കത്തില്‍ തന്നെ തൊട്ടപ്പുറത്തെ പുതിയ കെട്ടിടത്തിന്‍റെ പൈലിംഗ്‌ പണികളെത്തുടര്‍ന്ന്‌ തകര്‍ന്നുവീഴാനൊരുങ്ങുന്ന ബഹുനിലക്കെട്ടിടം കാണിക്കുന്നുണ്ട്‌. കഥാഗതിപുരോഗമിക്കുമ്പോള്‍ സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍ക്കിടയില്‍ രൂപപ്പെടാന്‍ പോകുന്ന വിടവിന്റെ ആമുഖമാകുന്നു ഈ രംഗം.
സാഹിത്യാധ്യാപകനായ എമാദ്‌(ഷഹാബ്‌ ഹുസൈനി) ഭാര്യ റാണയ്‌ക്കൊപ്പം(തരാനേ അലിദൂസ്‌തി) സ്വസ്‌ഥജീവിതം നയിക്കുന്നയാളാണ്‌. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകനാണയാള്‍ എന്ന്‌ തുടക്കത്തിലെ ക്ലാസ്‌ റൂം രംഗങ്ങള്‍ കൃത്യമായിത്തന്നെ സൂചിപ്പിക്കുന്നുണ്ട്‌. മാത്രമല്ല ഭാര്യക്കൊപ്പം ആര്‍തര്‍ മില്ലറുടെ ഡെത്ത്‌ ഓഫ്‌ എ സെയില്‍സ്‌മാന്‍ എന്ന നാടകത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ കൂടിയാണ്‌ അയാള്‍. വിള്ളല്‍വീണ അപാര്‍ട്ട്‌മെന്റില്‍ നിന്ന്‌ സഹനടനായ സുഹൃത്തിന്റെ അപ്പാര്‍ട്ട്‌മെന്റിലേക്ക്‌ താല്‍ക്കാലികമായി എമാദിനും റാണയ്‌ക്കും താമസം മാറേണ്ടി വരുന്നു. അപഥസഞ്ചാരിണി (ഇറാനിലും അപഥസഞ്ചാരിണികളുണ്ട്‌ !) എന്ന്‌ അപ്പാര്‍ട്ട്‌മെന്റിലെ മറ്റുള്ളവര്‍ കരുതുന്ന സ്‌ത്രീയായിരുന്നു അവിടത്തെ മുന്‍താമസക്കാരി. ആ സ്‌ത്രീയുടെ സാധനങ്ങള്‍ അവിടെയുള്ളത്‌ തുടക്കം മുതലേ എമാദിനേയും റാണയേയും അസ്വസ്‌ഥരാക്കുന്നുണ്ട്‌. എമാദ്‌ തിരിച്ചെത്താന്‍ വൈകിയ ഒരു ദിവസം അപരിചിതനാല്‍ റാണ ആക്രമിക്കപ്പെട്ടതോടെ സിനിമ മറ്റൊരു ദിശയിലേക്ക്‌ മാറുന്നു. ആക്രമകാരി ഉപേക്ഷിച്ചുപോയ ട്രക്ക്‌ അടക്കമുള്ള വസ്‌തുക്കളെ പിന്‍തുടര്‍ന്നു അയാളിലേക്കെത്താന്‍ എമാദ്‌ നടത്തുന്ന ശ്രമങ്ങളും തുടര്‍സംഭവങ്ങളുമാണ്‌ ചിത്രത്തിന്‍റെ പ്രത്യക്ഷ ഇതിവൃത്തം.

ത്രില്ലര്‍ രൂപത്തിലാണ്‌ കഥ പുരോഗമിക്കുന്നതെങ്കിലും സാധാരണ ത്രില്ലറുകള്‍ അനുഭവിപ്പിക്കുന്ന, അല്ലെങ്കില്‍ അനുഭവിപ്പിക്കേണ്ടതെന്ന്‌ കരുതപ്പെടുന്ന പിരിമുറുക്കമോ, നാടകീയതയോ സെയില്‍സ്‌മാന്‍റെ ആഖ്യാനശൈലിയെ തെല്ലും സ്വാധീനിക്കുന്നില്ല. അസ്‌ഗര്‍ ഫര്‍ഹാദിയുടെ പതിവ്‌ ശൈലിക്കനുസൃതമായി ,കഥാപാത്രങ്ങളുടെ സൂക്ഷ്‌മഭാവ ചിത്രണങ്ങളിലൂന്നി, സ്വാഭാവികതയുടെ ഒഴുക്കോടെ ചിത്രത്തിന്‍റെ ദൃശ്യഭാഷ മുന്നോട്ട്‌ പോകുന്നു. നാടകീയ സംഭാഷണങ്ങള്‍ക്കുപകരം ഗൃഹാന്തരീക്ഷത്തിലെ സ്വാഭാവിക വിനിമയങ്ങളിലൂടെയും മൊബൈല്‍ഫോണ്‍ സംഭാഷണങ്ങളിലൂടെയും ഒക്കെയാണ്‌ സിനിമ ആവിഷ്‌കരിക്കപ്പെടുന്നത്‌. പൊതുവേ സിനിമകള്‍ വിജയിയായ ഗുണവാനായ നായകന്‍റെ പക്ഷത്ത്‌ നില്‍ക്കുമ്പോള്‍ അസ്‌ഗര്‍ഫര്‍ഹാദിയുടെ കഥാപാത്രങ്ങള്‍ കൃത്യമായി കറുപ്പിലോ വെളുപ്പിലോ പരസ്‌പരം വേര്‍തിരിച്ച്‌ നിര്‍ത്തപ്പെട്ടവരല്ല. കറുപ്പും വെളുപ്പും ഇടകലരുന്ന അനേകം വര്‍ണ്ണഭേദങ്ങള്‍ അവര്‍ക്ക്‌ സ്വന്തം. ചിത്രത്തിലെ നായകനായ എമാദ്‌ തുടക്കത്തില്‍ ആവിഷ്‌കരിക്കപ്പെടുന്നത്‌ പരോപകാരതല്‌പരനായ സഹിഷ്‌ണുവായ ഒരാളായാണ്‌. തന്‍റെ ജീവിതത്തെ സംബന്ധിച്ച ആത്മവിശ്വാസം ആ കഥാപാത്രത്തിന്‍റെ ശരീരഭാഷയിലും സംഭാഷണങ്ങളിലും തെളിഞ്ഞുനില്‍ക്കുന്നുമുണ്ട്‌. പൊളിഞ്ഞുവീഴാന്‍ തുടങ്ങുന്ന കെട്ടിടത്തില്‍ നിന്ന്‌ ശയ്യാവലംബിയായ ചെറുപ്പക്കാരനെ രക്ഷിക്കുന്നതും, ടാക്‌സികാറില്‍ വെച്ച്‌ അപമര്യാദയായി പെരുമാറുന്ന സ്‌ത്രീയെ സഹിഷ്‌ണുതയോടെ കാണുന്നതുമെല്ലാം അയാളിലെ നായകഭാവത്തിന്‍റെ പ്രത്യക്ഷങ്ങളാണ്‌.
പ്രതിസന്ധിയില്‍ ഒരു മനുഷ്യന്‍ എങ്ങനെപെരുമാറുന്നു എന്നതാണ്‌ അയാളുടെ ആന്തരസത്തയുടെ യഥാര്‍ത്ഥ രൂപത്തെ വെളിവാക്കുന്നത്‌. ഭാര്യക്കുനേരെയുണ്ടാകുന്ന ആക്രമണം എമാദിനെ പാടേ മാറ്റിമറയ്‌ക്കുന്നു. സംശയാലുവും ക്ഷമയില്ലാത്തവനുമായി അയാള്‍ മാറുന്നത്‌ കഥാപാത്രത്തിന്‍റെ ശരീരഭാഷയിലുള്ള മാറ്റത്തിലൂടെ ഷഹാബ്‌ ഹുസൈനി ആവിഷ്‌കരിക്കുന്നുണ്ട്‌. ഈ സൂക്ഷ്‌മാഭിനയം അദ്ദേഹത്തിന്‌ കാന്‍ ചലച്ചിത്രമേളയില്‍ മികച്ചനടനുള്ള പുരസ്‌കാരം നേടിക്കൊടുക്കുകയും ചെയ്‌തു.കുനിഞ്ഞ തോളും ചുളിഞ്ഞപുരികങ്ങളും അശ്രദ്ധമായ വേഷവിധാനങ്ങളുമായി തന്റെ മാനസികസംഘര്‍ഷങ്ങള്‍ അയാള്‍ ശരീരത്തിലും പകര്‍ത്തി വെക്കുന്നു. റാണ ആക്രമിക്കപ്പെട്ടതിനു ശേഷമുള്ള ക്ലാസ്‌ റൂം രംഗം കഥാപാത്രത്തിന്റെ അത്‌ വരെയുള്ളതിന്റെ എതിര്‍ ധ്രുവത്തിലേക്കുള്ള തകിടം മറിച്ചിലിനു ദ്രൃശ്യഭാഷ്യമൊരുക്കുന്നു. ഭാര്യയെ ആക്രമിച്ചയാളെ കണ്ടെത്തുമ്പോള്‍ അയാളുടെ ശാരീരികഅവസ്‌ഥപോലും പരിഗണിക്കാതെ പ്രതികാരം എന്ന ഒറ്റലക്ഷ്യത്തിലേക്ക്‌ തരാം താണുപോകുന്നുണ്ട്‌ എമാദ്‌ എന്ന നായകന്‍. അതിനും മുന്‍പേ പുറത്തുപറയാന്‍ പറ്റാത്തതെന്തെങ്കിലും അന്ന്‌ സംഭവിച്ചോ എന്ന്‌ ഭാര്യയോട്‌ വീണ്ടും വീണ്ടും അന്വേഷിക്കുന്നുമുണ്ട്‌ അയാള്‍.
ആക്രമിക്കപ്പെട്ട റാണയാകട്ടെ അപ്രതീക്ഷിതമായ അത്തരമൊരു സംഭവം ഉണ്ടാക്കുന്ന മാനസികാഘാതത്തില്‍ നിന്ന്‌ മുക്‌തയാകുന്നേയില്ല. ആക്രമിക്കപ്പെട്ട ബാത്ത്‌ റൂമിനകത്തും വീടിനകത്തും ഒറ്റക്ക്‌ നില്‍ക്കാനാവാത്ത അവളുടെ ശ്വാസംമുട്ടല്‍ അപ്രതീക്ഷിതമായി ഇരയാക്കപ്പെടുന്നവളുടെ സ്വാഭാവിക പ്രതികരണം മാത്രമാണ്‌. ഇതും എമാദിന്‍റെ നിസ്സഹായതയേയും കുറ്റബോധത്തേയും വര്‍ദ്ധിപ്പിക്കുന്നു. എമാദിന്റെയും റാണയുടേയും ആന്തരമൂല്യങ്ങള്‍ വേര്‍പിരിയുന്നത്‌ ആക്രമിയോടുള്ള പ്രതികരണത്തിലാണ്‌. കുറ്റക്കാരനെങ്കിലും അയാളുടെ അവസ്‌ഥപരിഗണിച്ച്‌ ക്ഷമിക്കാന്‍ റാണ തയ്യാറാകുന്നുണ്ട്‌. എമാദാവട്ടെ പ്രതികാരത്തിലൂടെ തന്‍റെ നഷ്‌ടപൌരുഷം വീണ്ടെടുക്കാനാണ്‌ അബോധമായി ശ്രമിക്കുന്നത്‌. സ്‌ത്രീയും പുരുഷനും ആശയപരമായി വേറിട്ടുനില്‍ക്കുന്നത്‌ ഒരുപക്ഷേ ഇത്തരം അബോധ പ്രതികരണങ്ങളില്‍ തന്നെയാവാം.
ചിത്രത്തിന്‍റെ ഭാഗമായി ആര്‍തര്‍ മില്ലറിന്റെ ഡെത്ത്‌ ഓഫ്‌ എ സെയില്‍സ്‌മാന്‍ എന്ന നാടകത്തിലെ രംഗങ്ങള്‍ കടന്നുവരുന്നുണ്ട്‌. കഥാഗതിയുമായി തുടക്കത്തില്‍ അതിനെ ബന്ധിപ്പിക്കാന്‍ കഴിയില്ലെങ്കിലും പതുക്കെപ്പതുക്കെ എമാദ്‌ എന്ന പരാജിതനു സമാന്തരമായി വില്ലി ലോമാന്റെ കഥ മാറാന്‍ തുടങ്ങുന്നു. കൂടാതെ, സിനിമയുടെ അന്ത്യത്തോടടുക്കുമ്പോള്‍ റാണയെ ആക്രമിച്ച വൃദ്ധനായ സെയില്‍സ്‌മാന്റെ കഥയുമായി നാടകം പ്രത്യക്ഷത്തില്‍ തന്നെ ബന്ധപ്പെടുന്നുണ്ട്‌. നൈറ്റ്‌ ഗൌണിനുപകരം പുറംകുപ്പായമടക്കം ധരിച്ച്‌ അഭിനയിക്കേണ്ടി വരുന്ന ഇറാനിലെ സാമൂഹ്യവ്യവസ്‌ഥ കഥാഗതിയുടെ ഭാഗമായി പരോക്ഷമായി പരാമര്‍ശിക്കപ്പെടുന്നുണ്ട്‌. ചടുലവും നാടകീയവുമായ രംഗങ്ങളോ , വ്യത്യസ്‌ഥമായ ഷോട്ടുകളോ ഒന്നും ഉപയോഗിക്കാതെ തന്നെയാണ്‌ സിനിമ അതിന്‍റെ ഇതിവൃത്തത്തോട്‌ ആത്യന്തം നീതിപുലര്‍ത്തുന്നത്‌. പ്രകാശം നിറഞ്ഞ സ്റ്റേജില്‍ ഒഴിഞ്ഞുകിടക്കുന്ന ഫര്‍ണിച്ചറുകളുടെ ദൃശ്യത്തില്‍ നിന്ന്‌ തുടങ്ങുന്ന സിനിമ, വിളക്കണയുന്ന മുറിയിലെ ഒഴിഞ്ഞ ഫര്‍ണിച്ചറുകളില്‍ അവസാനിക്കുന്നു, ഈ രണ്ട്‌ രംഗങ്ങള്‍ക്കിടയില്‍ കൃത്യമായി വിന്യസിക്കപ്പെട്ട ആന്തരസംഘര്‍ഷങ്ങളാണ്‌ ദി സെയില്‍സ്‌മാന്റെ ആത്മാവ്‌.

ഡോ. സംഗീത ചേനംപുല്ലി

Leave a Reply

Your email address will not be published. Required fields are marked *