ഞാന്‍ എം.മോഹനന്റെ ഫാന്‍

` ഞാന്‍ എം.മോഹനന്റെ ഫാനാണെന്ന്‌ ‘ അരവിന്ദന്റെ അതിഥികള്‍ എന്ന സൂപ്പര്‍ഹിറ്റ്‌ സിനിമയുടെ നിര്‍മാതാവ്‌ പ്രദീപ്‌കുമാര്‍ പതിയറ പറയുന്നു. ശ്രീനിവാസന്‍, എം. മോഹനന്‍, വിനീത്‌, ധ്യാന്‍ -ആ സിനിമഫാമിലിയോടുതന്നെ ഏറെ ഇഷ്‌ടമാണ്‌. നോര്‍ത്ത്‌ പറവൂരിലാണ്‌ എന്റെ വീട്‌. ചെറുപ്പംമുതലേ എനിക്ക്‌ സിനിമാമോഹമുണ്ട്‌. എന്നാല്‍ വീട്ടുകാര്‍ക്ക്‌ സിനിമ അത്ര ഇഷ്‌ടമല്ല. എന്റെ ചിറ്റമ്മ നന്നായി സിനിമ കാണും. ചിറ്റമ്മ എന്നെ കുറേസിനിമകള്‍ കാണിച്ചിട്ടുണ്ട്‌. എറണാകുളത്ത്‌ ടൈല്‍സ്‌, സാനിറ്ററി ഉത്‌പ്പന്നങ്ങളുടെ ബിസിനസ്‌ ആണ്‌ എനിക്ക്‌. മലയാളം, ഹിന്ദി സിനിമകള്‍ ഞാന്‍ നന്നായി കാണും. ഇതിനിടയില്‍ ഒരു സിനിമ ചെയ്യണമെന്ന്‌ ആഗ്രഹമുണ്ടായി. മോഹനേട്ടന്‍ സംവിധാനം ചെയ്‌ത കഥപറയുമ്പോള്‍, മാണിക്യക്കല്ല്‌ ഇവയെല്ലാം എനിക്ക്‌ ഏറെ ഇഷ്‌ടപ്പെട്ട സിനിമകളാണ്‌. മോഹനേട്ടന്‍ അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമയുടെ കഥാതന്തു പറഞ്ഞപ്പോള്‍തന്നെ എനിക്കിഷ്‌ടായി. ഗൃഹാതുരത്വം. കുടുംബം, നന്മ, സ്‌നേഹം ഇവയെല്ലാം ഒത്തിണങ്ങിയ കഥ. ഞാന്‍ കഥ കേള്‍ക്കുന്നതിനേക്കാള്‍ മുന്‍പ്‌ മോഹനേട്ടനും തിരക്കഥാകൃത്ത്‌ രാജേഷ്‌ രാഘവനും കഥയും വണ്‍ലൈനും തയാറാക്കിയിരുന്നു.

സിനിമയിലെല്ലാം കാണുന്നപോലെ ഒരു നിര്‍മാതാവിന്റെ റോളില്‍ ഞാന്‍ മാറിനിന്നില്ല. ഒരു സംവിധാന സഹായിയെപ്പോലെ തിരക്കഥാരചന മുതല്‍ സിനിമയുടെ പോസ്റ്റര്‍ ഡിസൈനിംഗ്‌ വരെ ഞാന്‍ നിരീക്ഷിച്ചു.
മൂകാംബിക കുംഭകോണം, കേരളത്തിലുമായി 39 ദിവസമായിരുന്നു ചിത്രീകരണം. ചിത്രീകരണസമയത്ത്‌ ഞാന്‍ ലൊക്കേഷനിലുണ്ടായിരുന്നു. മഴയും വെയിലും പൊടിയുമൊന്നും വകവയ്‌ക്കാതെ ചിത്രീകരണസമയത്ത്‌ ലൊക്കേഷനില്‍ ഓടിനടന്നു. എല്ലാവരും സഹകരിച്ചു. അതുകൊണ്ടുതന്നെ ഇതൊരു കൂട്ടായ്‌മയുടെ സിനിമയാണ്‌. ശ്രീനിവാസന്‍, വിനീത്‌, കെ.പി.എ.സി. ലളിത, അജുവര്‍ഗീസ്‌ എന്നിവര്‍ക്കുപുറമേ ഉര്‍വശിയും ബൈജുവും പ്രേംകുമാറും, സ്‌നേഹയും ശാന്തികൃഷ്‌ണയുമെല്ലാം വളരെനന്നായി അഭിനയിച്ചു.

നര്‍ത്തകിയും നടിയുമായ ശ്രീജയയുടെ വേഷം വളരെ പ്രധാനപ്പെട്ട വേഷമാണ്‌. സിനിമയുടെ കഥാതന്തുവിനെ ഏറെ സസ്‌പെന്‍സ്‌ സൃഷ്‌ടിക്കുന്ന കഥാപാത്രമായ ജാനകി സുബ്രഹ്‌മണ്യം. ഒരു നര്‍ത്തകി എങ്ങനെ ആയിരിക്കണമെന്ന്‌ അവര്‍ ആ സിനിമയിലൂടെ അതിഗംഭീരമായി അഭിനയിച്ച്‌ ഫലിപ്പിച്ചു. നന്നായി എന്‍ജോയ്‌ ചെയ്‌താണ്‌ ശ്രീജയേച്ചി അഭിനയിച്ചത്‌. ഒരുപക്ഷേ ശ്രീജയേച്ചി അഭിനയിച്ചതില്‍ ഏറ്റവും പ്രകടമായ വേഷം അരവിന്ദന്റെ അതിഥികളിലെ ജാനകി സുബ്രഹ്‌മണ്യം. ആയിരിക്കും. സിനിമയുടെ കാമറ സ്വരൂപ്‌ ഫിലിപ്പാണ്‌, ഷാന്‍ റഹ്‌മാനാണ്‌ സംഗീതം, രഞ്‌ജന്‍ എബ്രഹാമാണ്‌ എഡിറ്റിംഗ്‌.

സിനിമ വന്‍ വിജയത്തോടെ അമ്പതാം ദിവസവും പിന്നിട്ടു. എന്റെ ഭാര്യ രമ്യയാണ്‌ ബിസിനസ്‌ നോക്കിനടത്തുന്നത്‌. സിനിമാ നിര്‍മാണത്തിലും രമ്യയുട ഫുള്‍ സഹകരണമുണ്ടായിരുന്നു. ദിയയാണ്‌ മകള്‍.

യാത്രകള്‍ എനിക്ക്‌ വരെ ഇഷ്‌ടമാണ്‌. അമ്പതോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഇനി ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുകയാണ്‌. സിനിമ ഇനിയും നിര്‍മിക്കും. സിനിമ അന്നും ഇന്നും എന്റെ വിനോദമാണ്‌. നാളെ ഒരു സിനിമ സംവിധാനംചെയ്‌തുകൂടാതില്ല. ഈ സിനിമ നിര്‍മിച്ച്‌ ഞാന്‍ സിനിമാ സംവിധാനത്തിന്റെ പരിശീലനംനേടുകയായിരുന്നു.

സിനിമവുഡ്‌, കൊച്ചി ബ്യൂറോ.

Leave a Reply

Your email address will not be published. Required fields are marked *