അമ്മയില്‍നിന്ന്‌ പാര്‍വതി രാജിവച്ചു

സിനിമാ അഭിനേതാക്കളുടെ സംഘടന അമ്മയില്‍നിന്ന്‌ നടി പാര്‍വതി തിരുവോത്ത്‌ രാജിവച്ചു. അമ്മ നിര്‍മിക്കുന്ന സിനിമയുടെ രണ്ടാംഭാഗത്തില്‍ അമ്മയുടെ അംഗമായിരുന്ന നടിക്ക്‌ വേഷമുണ്ടാകുമോ എന്ന ചാനല്‍ അഭിമുഖത്തില്‍ ഉയര്‍ന്ന ചോദ്യത്തിന്‌ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നല്‍കിയ മറുപടിയില്‍ പ്രതിഷേധിച്ചാണ്‌ നടി പാര്‍വതി രാജിവച്ചത്‌. അമ്മ നിര്‍മിച്ച ആദ്യചലച്ചിത്രം ട്വന്റി20 യുടെ രണ്ടാംഭാഗത്തില്‍ നടിയെ മരിച്ച ആളുമായി ഇടവേള ബാബു താരതമ്യപ്പെടുത്തിയെന്നാണ്‌ പാര്‍വതിയുടെ ആക്ഷേപം. അതേസമയം തന്റെ പരാമര്‍ശത്തെ പാര്‍വതി തെറ്റുധരിച്ചിരിക്കുകയാണെന്ന്‌ ഇടവേള ബാബു പ്രതികരിച്ചു. നേരത്തേ അമ്മയുടെ നിലപാടില്‍ പ്രതിഷേധിച്ച്‌ റിമകല്ലിങ്കല്‍, ഗീതുമോഹന്‍ദാസ്‌, രമ്യനമ്പീശന്‍ എന്നിവര്‍ അമ്മയില്‍നിന്ന്‌ രാജിവച്ചിരുന്നു. ഇടവേള ബാബുവിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയച്ച പാര്‍വതി രാജിക്കുറിപ്പ്‌ സമൂഹമാധ്യമത്തില്‍ പോസ്‌റ്റ്‌ ചെയ്‌തു.

സമൂഹമാധ്യമത്തില്‍ പാര്‍വതി തിരുവോത്ത്‌ പോസ്റ്റ്‌ ചെയ്‌തത്‌ ഇങ്ങനെ: 2018 ല്‍ എന്റെ സുഹൃത്തുക്കള്‍ A.M.M.A.- യില്‍ നിന്ന്‌ പിരിഞ്ഞു പോയപ്പോള്‍ ഞാന്‍ സംഘടനയില്‍ തന്നെ തുടര്‍ന്നത്‌ തകര്‍ന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന്‌ കൊണ്ട്‌ അതിനെ നവീകരിക്കാന്‍ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്‌. പക്ഷെ  A.M.M.A.   ജനറല്‍സെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയില്‍ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാന്‍ ഉപേക്ഷിക്കുന്നു.


ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല. ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന്‌ Mr   ബാബു കരുതുന്നുണ്ടാവും. പക്ഷെ അത്‌ കാണിക്കുന്നത്‌ അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്‌. അയാളോട്‌ പുച്ഛം മാത്രമാണ്‌ ഉള്ളത്‌. മാധ്യമങ്ങള്‍ ഈ പരാമര്‍ശം ചര്‍ച്ച ചെയ്‌തു തുടങ്ങുന്ന നിമിഷം മുതല്‍ അയാളെ അനുകൂലിച്ച്‌ മറ്റു പല സംഘടനാ അംഗങ്ങളും വരും. കാരണം സ്‌ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്‌നവും നിങ്ങള്‍ കൈകാര്യം ചെയ്‌ത അതേ മോശമായ രീതിയിലാണ്‌ ഇതും സംഭവിക്കുക എന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌.

ഞാന്‍  A.M.M.A.    യില്‍ നിന്നും രാജി വയ്‌ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വെയ്‌ക്കണം എന്ന്‌ ഞാന്‍ ശക്തമായി ആവശ്യപെടുന്നു. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ച്‌ മുന്നോട്ട്‌ വരും എന്ന്‌ ആകാംക്ഷയോടെ ഞാന്‍ നോക്കി കാണുന്നു. – പാര്‍വതി തിരുവോത്ത്‌

വിമന്‍ ഇന്‍ സിനിമാ കളക്‌ടീവ്‌ , 2017

2017ലാണ്‌ മലയാള സിനിമയില്‍ വിമണ്‍ ഇന്‍ സിനിമ കളക്‌ടീവ്‌ എന്ന സംഘടന പുതുതായി രൂപീകരിക്കപ്പെട്ടത്‌. സിനിമയില്‍ സ്‌ത്രീയുടെ ശക്‌തമായ സാനിധ്യവും പ്രാതിനിദ്യവും നിലനിര്‍ത്താനാണ്‌ സംഘടന രൂപീകരിക്കപ്പെട്ടത്‌. കൂട്ടായ്‌മയെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഏറെ പ്രശംസിക്കുകയും അംഗീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. നടിമാര്‍, സംവിധായികമാര്‍, തിരക്കഥാകൃത്ത്‌, ഗായകര്‍, മേയ്‌ക്ക്‌അപ്പ്‌ ഇങ്ങനെ സ്‌ത്രീ ഇടപ്പെടുന്ന സിനിമയുടെ എല്ലാ മേഖലയിലുള്ളവരെ ഉള്‍പ്പെടുത്തിയാണ്‌ കൂട്ടായ്‌മ രൂപീകരിച്ചിരിക്കുന്നത്‌. നടിമാരായ മഞ്‌ജു വരിയര്‍, റിമാ കല്ലിങ്കല്‍, പാര്‍വതി, എഡിറ്റര്‍ ബീനാപോള്‍, സംവിധായികമാരായ അഞ്‌ജലി മേനോന്‍, വിധു വിന്‍സന്റ്‌ , തിരക്കഥാകൃത്ത്‌ ദീദി ദാമോദരന്‍, ഗായിക സയനോര തുടങ്ങിവരാണ്‌ മുഖ്യമന്ത്രിയെ കണ്ടത്‌. ചലച്ചിത്രരംഗത്തെ സ്‌ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതി രൂപീകരിക്കുമെന്ന്‌ അന്ന്‌ മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു. ഒരുപക്ഷേ, മലയാള സിനിമയിലെ ഇത്തരം ഒരു സ്‌ത്രീകൂട്ടായ്‌മ ലോകത്ത്‌തന്നെ ഇതാദ്യമായിരിക്കും.

എന്നാല്‍ ആഗോളതലത്തില്‍ സ്‌ത്രീകള്‍ വളരെമുമ്പ്‌തന്നെ സിനിമയെ കൈയടക്കിയപ്പോള്‍ മലയാളസിനിമയിയില്‍ സ്‌ത്രീകള്‍ സിനിമയെ സ്വന്തമാക്കുവാന്‍ ഏറെ വൈകിയതായിതോന്നാം. സ്‌ത്രീകളുടെ ശരീരത്തെ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്‌ത കലാരൂപം സിനിമതന്നെയാണ്‌. സിനിമയുടെ വിപണന മേഖലമാത്രം ഉദ്ദേശിച്ചായിരുന്നു സ്‌ത്രീകള്‍ സിനിമയുടെ ഭാഗമാകുന്നത്‌. എന്നാല്‍ സ്‌ത്രീവിഷയം ലൈംഗികത മാത്രമല്ലെന്ന്‌ വാദിച്ച്‌ രണ്ടു ദശകങ്ങളായി ലോകത്തിന്റെ പല രാജ്യങ്ങളില്‍നിന്നായി സ്‌ത്രീകള്‍ കൂട്ടത്തോടെ ചലച്ചിത്രമേഖല കൈയടക്കുന്ന പ്രവണത ശക്‌തമായിരിക്കുന്നത്‌ കാണാം. ഇരുപതാം നൂറ്റാണ്ടിന്റെ കലയായി വാഴ്‌ത്തപ്പെടുമ്പോഴും സിനിമ പുരുഷമേധാവിത്വത്തിന്റെ കൈകളിലായിരുന്നു. മലയാളത്തില്‍ സൂപ്പര്‍താരങ്ങളും സംവിധായകരുടെ സംഘടനകളും പുരുഷാധിപത്യത്തിന്റെ മതിലുകള്‍ സൃഷ്‌ടിച്ചപ്പോള്‍ ഇവിടെ സ്‌ത്രീകള്‍ നിഴല്‍രൂപങ്ങളായി. മലയാള സിനിമയുടെ പുറത്തും അകത്തും തൊഴില്‍പരമായി സ്‌ത്രീകള്‍ക്ക്‌ വേണ്ടത്ര നീതിയും സംരക്ഷണവും ലഭിക്കുന്നില്ലെന്ന്‌ തിരിച്ചറിഞ്ഞതുകൊണ്ടാകാം പ്രമുഖനടികള്‍ ഉള്‍പ്പെട്ട സ്‌ത്രീസംഘം മുഖ്യമന്ത്രിയെ നേരില്‍കണ്ട്‌ വിമന്‍ ഇന്‍ സിനിമാ കളക്‌ടീവ്‌ എന്ന സംഘടനയ്‌ക്ക്‌ രൂപം നല്‍കിയത്‌.

പാര്‍വ്വതിയുടെ നിലപാടിനെ മാനിക്കുന്നു: ശ്രീകുമാരന്‍ തമ്പി

പാര്‍വ്വതി തിരുവോത്തിന്റെ സ്‌ത്രീപക്ഷ നിലപാടിനെ താന്‍ മാനിക്കുന്നുവെന്ന്‌ മുരിര്‍ന്ന സംവിധായകനും ഗാനരചിയതാവുമായ ശ്രീകുമാരന്‍ തമ്പി ഫേയ്‌സ്‌ബുക്ക്‌ പേജില്‍ കുറിച്ചു. ശ്രീകുമാരന്‍ തമ്പി പറയുന്നത്‌ ഇങ്ങനെ : അമ്മ എന്ന ദിവ്യനാമം വഹിക്കുന്ന (? ) താരസംഘടനയില്‍ നിന്ന്‌ ഈയവസരത്തില്‍ രാജി വെയ്‌ക്കാന്‍ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ പാര്‍വ്വതി തിരുവോത്തിനെ ഞാന്‍ അഭിനന്ദിക്കുന്നു. അഭിനയജീവിതത്തില്‍ തല്‍പ്പര കക്ഷികളുടെ സംഘടിതമായ എതിര്‍പ്പുമൂലം, ഒരുപക്ഷേ, ഭൗതിക നഷ്ടങ്ങള്‍ ഉണ്ടായേക്കാം എന്നറിഞ്ഞിരുന്നും ഇങ്ങനെയൊരു ധൈര്യം കാണിച്ച ഈ കലാകാരിയില്‍ നിന്നാണ്‌ യഥാര്‍ത്ഥ സ്‌ത്രീത്വം എന്താണെന്ന്‌ നമ്മുടെ സിനിമാരംഗത്തെ കലാകാരികള്‍ തിരിച്ചറിയേണ്ടത്‌. ഒട്ടും അര്‍ഹതയില്ലാതെ ഒരു പ്രധാന സ്ഥാനത്തെത്തിയ `എക്‌സ്‌ട്രാനടന്റെ`കളിതമാശ`യായി വേണമെങ്കില്‍ പാര്‍വതിക്ക്‌ അയാളുടെ അഭിപ്രായത്തെ തള്ളിക്കളയാമായിരുന്നു. ` `അല്‍പ്പന്‌ ഐശ്വര്യം വന്നാല്‍ അര്‍ദ്ധരാത്രിക്കു കുട പിടിക്കും ` എന്നാണല്ലോ പഴമൊഴി. അങ്ങനെ ചെയ്യാതെ നടികളുടെ അഭിമാനം നിലനിര്‍ത്തിയതാണ്‌ പാര്‍വ്വതിയുടെ മേന്മ. ഇന്നത്തെ മലയാളസിനിമയിലെ സമാനതകളില്ലാത്ത നടിയാണ്‌ പാര്‍വ്വതി എന്ന്‌ `ചാര്‍ളി, എന്ന്‌ നിന്റെ മൊയ്‌തീന്‍, ടേക്‌ ഓഫ്‌ , ഉയരെ , ഖരീബ്‌ ഖരീബ്‌ സിംഗലെ (ഹിന്ദി) എന്നീ സിനിമകളിലെ പാര്‍വ്വതിയുടെ അഭിനയം കണ്ട എനിക്ക്‌ ധൈര്യമായി പറയാന്‍ കഴിയും. ഷീല, ശാരദ, കെ.ആര്‍.വിജയ , ലക്ഷ്‌മി,ശ്രീവിദ്യ, ജയഭാരതി,സീമ, വിധുബാല, നന്ദിത ബോസ്‌, പൂര്‍ണ്ണിമ ജയറാം, ഉര്‍വ്വശി, മേനക, രോഹിണി തുടങ്ങിയ എല്ലാ വലിയ നടികളെയും കഥാപാത്രങ്ങളാക്കി ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്‌ത ചലച്ചിത്രകാരനാണ്‌ ഞാന്‍. സ്‌ത്രീവിമോചനം വിഷയമാക്കി `മോഹിനിയാട്ടം ` എന്ന നായകനില്ലാത്ത ആദ്യത്തെ സ്‌ത്രീപക്ഷ സിനിമ നിര്‍മ്മിച്ച സംവിധായകനുമാണ്‌. പാര്‍വ്വതി തിരുവോത്തിന്റെ ഈ സ്‌ത്രീപക്ഷ നിലപാടിനെ ഞാന്‍ മാനിക്കുന്നു.

( സിനിമാവുഡ്‌ കൊച്ചി )

Leave a Reply

Your email address will not be published. Required fields are marked *