ഗീതുവിന്റെ മൂത്തോന്‍ നിവിന്റെ സ്വപ്‌നസിനിമ

ഗീതുമോഹന്‍ദാസിന്റെ നിവിന്‍ പോളി ചിത്രം മൂത്തോന്റെ ചിത്രീകരണം പുരോഗമിക്കുന്നു. മികച്ച നടിക്കും ഛായാഗ്രഹണത്തിനുമുള്ള ദേശീയപുരസ്‌കാരം നേടിയ പ്രഥമ ഫീച്ചര്‍സിനിമ ലയേഴ്‌സ്‌ ഡൈസിനുശേഷം ഗീതുമോഹന്‍ദാസ്‌ സംവിധാനംചെയ്യുന്ന ചിത്രമാണ്‌ മൂത്തോന്‍. പേരുകൊണ്ടും നിവിന്റെ രൂപവുംകൊണ്ടും മൂത്തോന്‍ ഇതിനോടകം ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്‌. മലയാളത്തിലും ഹിന്ദിയിലും നിര്‍മിക്കുന്ന ഈ സാഹസികചിത്രം നിവിന്‌ ഏറെ താരപരിവേഷംനല്‍കുമെന്ന്‌ പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ നിവിന്‍ ഈ ചിത്രം സ്വപ്‌നസിനിമയായി അവകാശപ്പെടുന്നു.
ആനന്ദ്‌ എല്‍. റോയ്‌, അജയ്‌ ജി. റോയ്‌, അലന്‍ മാക്‌ അലക്‌സ്‌ എന്നവര്‍ചേര്‍ന്നാണ്‌ ചിത്രം നിര്‍മിക്കുന്നത്‌.
നിവിനുപുറമെ ചിത്രത്തില്‍ ശോഭിത ധുളിപാലയും ശശാങ്ക്‌ അറോറയും അഭിനയിക്കുന്നു. സ്‌നേഹ ഘന്‍വാക്കറാണ്‌ സംഗീതം. രാജീവ്‌രവിയാണ്‌ ക്യാമറ. ലക്ഷദ്വീപിലും മുംബൈയിലുമായി മൂത്തോന്‍ ചിത്രീകരണംതുടരുന്നു.

ഗീതുവിന്റെ പ്രഥമ ഫീച്ചര്‍സിനിമ ലയേഴ്‌സ്‌ ഡൈസ്‌ 2015 ലെ വിദേശഭാഷാനോമിനേഷനുവേണ്ടിയുള്ള ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിയായിരുന്നു. ഇന്ത്യന്‍-ടിബറ്റന്‍ അതിര്‍ത്തിയായ ഹിമാചല്‍ പ്രദേശിലെ ചിറ്റ്‌കുള്‍ എന്ന ഗ്രാമത്തിലാണ്‌ കഥ ആരംഭിക്കുന്നത്‌. കാണാതായ ഭര്‍ത്താവിനെ തേടി കൈക്കുഞ്ഞുമായി പോകുന്ന കമല എന്ന വീട്ടമ്മയുടെ ദുരിതയാത്രയാണ്‌ ലയേഴ്‌സ്‌ ഡൈസിന്റെ ഇതിവൃത്തം. ഷിംലയിലേക്കും പിന്നീട്‌്‌ ഡെല്‍ഹിയിലേക്കുമാണ്‌ യാത്ര. മഞ്ഞുമൂടിയ പാതകളും വെട്ടുവഴികളും മഞ്ഞുതിട്ടകളും കൊച്ചുകൂരകളും പെട്ടികടകളും കൊണ്ടു സമ്പന്നമായിരുന്നു സിനിമ. ലയേഴസ്‌ ഡൈസ്‌ എന്നചിത്രം പ്രകൃതിഭംഗിക്കൊപ്പം ഇന്ത്യയുടെ സമകാലികമായി ഒരു വിഷയം ചര്‍ച്ചചെയ്‌തു.
പുരസ്‌കാരം നേടിയ `കേള്‍ക്കുന്നുണ്ടോ’ എന്ന ഹ്രസ്വചിത്രമായി സംവിധാന രംഗത്തേക്ക്‌ കടന്നുവന്ന ഗീതുമോഹന്‍ദാസിന്റെ ഒരു റോഡ്‌മൂവിയായിരുന്നു ലയേഴ്‌സ്‌ ഡൈസ്‌. കേള്‍ക്കുന്നുണ്ടോ ഗോവന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. രാജീവ്‌ രവിയാണ്‌ ചിത്രത്തിന്റെ ക്യാമറ. ഒന്നുമുതല്‍ പൂജ്യംവരെ എന്ന ചിത്രത്തിലൂടെ ബാലതാരമായി വന്ന ഗീതുവിന്‌ ബ്രേക്കായ ചിത്രം തെങ്കാശി പട്ടണമായിരുന്നു. ലൈഫ്‌ ഈസ്‌ ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലും പ്രധാനപ്പെട്ട വേഷത്തില്‍ അഭിനയിച്ചു. മണിയുടെ ഒപ്പം അഭിനയിച്ച വാല്‍ക്കണ്ണാടി ഏറെ ശ്രദ്ധിക്കപ്പെട്ടു. പകല്‍പ്പൂരം, രാപ്പകല്‍ എന്നിവയിലെ വേഷവും ഗീതുവിനെ ശ്രദ്ധേയയാക്കി. ഒരിടത്തിലെ അഭിസാരികയുടെ വേഷവും ശേഷത്തിലെ വേഷവും ഗീതുവിന്‌ മികച്ച അഭിപ്രായമാണ്‌ ലഭിച്ചത്‌. സംസ്‌ഥാന പുരസ്‌കാരവും ഈ നടിയെ തേടി എത്തി.

സ്‌ത്രീകള്‍ സിനിമയിലേക്ക്‌ കടന്നുവരുന്ന പ്രവണത ഏറിയിട്ടുണ്ട്‌. ഒരുപക്ഷേ അവരുടെ വിഷയം പറയാനുള്ള സത്യസന്ധമായ മാധ്യമം സിനിമയായിരിക്കും. അതുകൊണ്ടായിരിക്കാം ഗീതു അഭിനയത്തില്‍നിന്ന്‌ സംവിധാനത്തിലേക്കു വഴിമാറി സഞ്ചരിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *