സൗഹൃദമാണ്‌ ഈ സിനിമ : മുഹമ്മദ്‌ ഫൈസല്‍

മിറക്കിള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്റെ ആദ്യ പ്രൊഡക്ഷന്‍ സംരംഭമാണ്‌ ചാണക്യതന്ത്രം. ശരിക്കും ഈ സിനിമയിലേക്ക്‌ ഞാന്‍ എത്തിയത്‌ വളരെ പെട്ടെന്ന്‌ ആയിരുന്നു. കഴിഞ്ഞ ഇരുപത്തി മൂന്നു വര്‍ഷമായി ചെറുതും വലുതുമായി കുറേയധികം വേഷങ്ങള്‍ ചെയ്‌തിട്ടുണ്ട്‌. ആ സമയത്തും എന്റെ മനസില്‍ സിനിമ നിര്‍മ്മിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു. ഈ സിനിമ ഒരു സൗഹ്യദ കൂട്ടായ്‌മയുടെ ഫലമാണ്‌. പതിനെട്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പായി സീരിയലില്‍ അസിസ്റ്റന്‍ഡ്‌ ഡയറക്‌ടര്‍ ആയിരുന്ന സമയത്താണ്‌ ഈ സിനിമയുടെ സംവിധായകന്‍ കണ്ണന്‍ താമരക്കുളത്തിനെ പരിചയപ്പെടുന്നത്‌. അന്നു മുതല്‍ കണ്ണനുമായി നല്ല സൌഹ്യദമാണ്‌. അദ്ദേഹം ഡയറക്‌റ്റ്‌ ചെയ്‌ത മൂന്നില്‍ രണ്ടു പടത്തിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്‌. ഒരിക്കല്‍ ചായ കുടിച്ചിരിക്കുന്ന സമയത്താണ്‌ ഈ പ്രോജക്‌ടിനേക്കുറിച്ച്‌ കണ്ണന്‍ പറയുന്നത്‌. നല്ലൊരു കഥയുണ്ട്‌ ഒരു പ്രൊഡ്യൂസറെ കിട്ടിയാല്‍ നമുക്ക്‌ ഈ പ്രൊജക്‌ട്‌ ചെയ്യാം എന്നു പറഞ്ഞു. എന്നാല്‍ ഞാന്‍ തന്നെ ഇത്‌ പ്രൊഡ്യൂസ്‌ ചെയ്യാമെന്നു ഞാനും പറഞ്ഞു. അതാകുമ്പോള്‍ സംവിധായകന്‍ നിര്‍മാതാവ്‌ എന്നതിലുപരി ഒരു സൗഹ്യദ കൂട്ടായ്‌മയില്‍ പോകുമല്ലോ എന്ന്‌ കരുതി. അദ്ദേഹത്തിന്റെ പടം നിര്‍മ്മിക്കാന്‍ ഒരുപാട്‌ പേരുള്ളപ്പോള്‍ എന്നെപ്പോലെ പുതിയ ഒരാളെ വച്ച്‌ പരീക്ഷിക്കേണ്ട കാര്യം അദ്ദേഹത്തിനില്ല. അങ്ങനെ ഒരവസരം തന്നതിനു കാരണം ഞങ്ങളുടെ സൗഹ്യദമാണ്‌. അപ്പോള്‍ തന്നെ കണ്ണന്‍ ഉണ്ണിയെ വിളിച്ച്‌ സംസാരിച്ചു. ഉണ്ണി ഓകെ പറഞ്ഞു.
ഇതില്‍ ഞാനൊരു പ്രൊഡ്യൂസര്‍ മാത്രമല്ല. ഒരു കഥാപാത്രം ചെയ്യുന്നുണ്ട്‌. ആദ്യ സമയത്ത്‌ ഞാനിതില്‍ അഭിനയിക്കണമെന്ന്‌ തീരുമാനിച്ചതല്ല. യാദൃശ്‌ചികമായി കണ്ണനാണ്‌ ഈ വേഷം ചെയ്യുന്നതിനേക്കുറിച്ച്‌ പറഞ്ഞത്‌. കണ്ണന്റെ നിര്‍ബന്ധം കൊണ്ടാണ്‌ അത്‌ ചെയ്‌തത്‌. ഞാന്‍ ഇന്നുവരെ ചെയ്‌തതില്‍ വെച്ച്‌ വ്യത്യസ്‌തമായ ഒരു വേഷമായിരിക്കും ഇത്‌.
വളരെ ചെറുപ്പം മുതല്‍ സിനിമ എന്നത്‌ ഒരു മോഹമായിരുന്നു. ഞങ്ങള്‍ ഒരു കൂട്ടം കുട്ടികള്‍ ഉണ്ടായിരുന്നു നാട്ടില്‍. എല്ലാവരും ക്രിക്കറ്റ്‌, ഫുട്‌ബോള്‍ തുടങ്ങിയ കളികള്‍ കളിക്കുന്‌പോള്‍ ഞങ്ങള്‍ നസീറും ജയനുമൊക്കെയായി വേഷമിട്ട്‌ സിനിമ കളിയാണ്‌ കളിക്കുക. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയം ഞാന്‍ സ്വന്തമായി നാടകം എഴുതി അവതരിപ്പിച്ചത്‌ കണ്ട്‌ അടുത്ത വര്‍ഷം പെരുന്തച്ചന്‍ എന്ന നാടകത്തില്‍ ഭട്ടതിരിയുടെ വേഷം ചെയ്യാന്‍ സാര്‍ എന്നെ വിളിച്ചു. അതിലെ കഥാപാത്രത്തിന്‌ സമ്മാനമൊക്കെ കിട്ടി. അങ്ങനെ ആണ്‌ നാടകാഭിനയത്തില്‍ എത്തിയത്‌. പിന്നീട്‌ കോളേജില്‍ പഠിക്കുന്ന സമയത്ത്‌ നാടക ഡ്രൂപ്പുണ്ടാക്കി അന്‌പലങ്ങളിലൊക്കെ നാടകം കളിക്കുവായിരുന്നു. അങ്ങനെയാണ്‌ സിനിമ മനസില്‍ കേറുന്നത്‌.
പല മേഖലകളിലും ഞാന്‍ ജോലി ചെയ്‌തിട്ടുണ്ട്‌. സിനിമയ്‌ക്ക്‌ വേണ്ടി പല ജോലിയും വേണ്ട എന്നും വച്ചിട്ടുണ്ട്‌. നാട്ടിലെ ജോലി കളഞ്ഞാണ്‌ കുസൃതിക്കാറ്റ്‌ എന്ന സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നത്‌. എന്നാല്‍ പ്രതീക്ഷിച്ചപോലെ സിനിമ എന്നെ സ്വീകരിച്ചില്ല. ഉപ്പ മരിച്ച ശേഷം വീട്ടിലെ കാര്യങ്ങള്‍ നോക്കേണ്ടത്‌ എന്റെ ഉത്തരവാദിത്തം ആയി. അങ്ങനെ തല്‍ക്കാലത്തേയ്‌ക്ക്‌ അഭിനയ മോഹം ഉപേക്ഷിച്ച്‌ വിദേശത്തേയ്‌ക്ക്‌ പോയി. അവിടെ ചെന്നിട്ടും അഭിനയം ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നില്ല. ലീവിന്‌ നാട്ടില്‍ വന്നപ്പോഴാണ്‌ സാജന്‍ സാര്‍ ഒരു സീരിയലിലേക്ക്‌ വിളിച്ചത്‌. അങ്ങനെ പ്രവാസ ജീവിതം ഉപേക്ഷിച്ച്‌ അഭിനയത്തിലേക്ക്‌ തിരിയാം എന്നു തീരുമാനിച്ചു.

നമ്മള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ അതിനു വേണ്ടി കഷ്‌പ്പെട്ടാല്‍ അത്‌ നടക്കും. ആദ്യ സമയത്ത്‌ ഒക്കെ അവസരങ്ങള്‍ തേടി നടന്ന സമയത്ത്‌ പലരേയും കണ്ട്‌ തിരിച്ചു വരുന്‌പോള്‍ രാത്രി വളരെ വൈകും. ആ സമയത്ത്‌ വണ്ടി കിട്ടാതെ ബസ്‌ സ്റ്റാന്‍ഡില്‍ കഴിച്ചു കൂട്ടേണ്ടി വന്നിട്ടുണ്ട്‌. കുറേ സ്‌ട്രെയിന്‍ ചെയ്‌താണ്‌ ഇന്ന്‌ ഈ പ്രൊഡ്യൂസറായി നില്‍ക്കുന്നത്‌.

വിദേശത്തു നിന്നും ലീവിനു വന്ന സമയത്ത്‌ സിനിമ മാഗസിനുകളൊക്കെ കാണുമ്പോള്‍ സിനിമയില്‍ നിന്നും ഞാന്‍ ഒത്തിരി അകന്നു പോയല്ലോ എന്നൊരു സങ്കടം ഉണ്ടായിരുന്നു. ആ സമയത്ത്‌ സാജന്‍ സാറിനെ കാണുന്നു. അവിടെ വച്ചാണ്‌ കണ്ണനെ പരിചയപ്പെടുന്നത്‌. ആ സീരിയലില്‍ നല്ലൊരു വേഷമാണ്‌ എനിക്ക്‌ ലഭിച്ചത്‌. അങ്ങനെ വീട്ടില്‍ തിരിച്ചു പോകുന്നില്ല എന്ന്‌ പറഞ്ഞു. വീട്ടില്‍ ആകെ ബഹളമായി. ഒടുവില്‍ എല്ലാവരും പാതി സമ്മതം മൂളി. ആ സമയത്ത്‌ ചില കാരണങ്ങളാല്‍ ആ സീരിയല്‍ നടക്കാതെ പോയി . അതോടെ വീട്ടില്‍ വീണ്ടും പ്രശ്‌നങ്ങളായി. എന്നാലും പിന്‍മാറാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. ആ വാശി ഇന്ന്‌ ഇവിടം വരെ എത്തിച്ചു. പക്ഷേ എനിക്ക്‌ കിട്ടിയ ഭാര്യ എല്ലാ കാര്യത്തിനും സപ്പോര്‍ട്ടാണ്‌.

സൗഹ്യദം എന്നത്‌ എന്റെ വലിയ വീക്ക്‌നെസാണ്‌. ജീവിതത്തില്‍ പല പ്രതിസന്ധിയില്‍ നിന്നും സഹായിക്കാന്‍ സൗഹ്യദങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ഈ സിനിമയുടെ പല ഘട്ടങ്ങളിലും സാമ്പത്തികം അടക്കമുള്ള പ്രതിസന്ധികള്‍ വന്നപ്പോഴും ഈ സൗഹ്യദങ്ങളാണ്‌ കൂട്ടു നിന്നത്‌. സിനിമ തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്‌. സന്തോഷമുണ്ട്‌. പ്രേക്ഷകര്‍ സിനിമ സ്വീകരിക്കും എന്ന വിശ്വാസമുണ്ട്‌.

ഉണ്ണിയെ കൂടാതെ അനൂപ്‌ മേനോന്‍, ശിവദ, ശ്രുതി , സായ്‌ കുമാര്‍ തുടങ്ങി നിരവധി ആര്‍ട്ടിസ്റ്റുകള്‍ ഇതിലുണ്ട്‌. തികച്ചും റൊമാന്റിക്ക്‌ ത്രില്ലര്‍ ആയിട്ടാണ്‌ ഇതൊരുക്കിയിരിക്കുന്നത്‌.

തയാറാക്കിയത്‌: സുനിത സുനില്‍

Leave a Reply

Your email address will not be published. Required fields are marked *