കുളിര്‍ നീരുറവല്ല പൊള്ളുന്ന കണ്ണീര്‍പ്പാച്ചിലാണ് അരുവി

aruvi

രോഗബാധിതനായ ഒരു വ്യക്തിയോട് സമൂഹത്തിന്‍റെ പ്രതികരണം എങ്ങനെയാവും? അത് എയ്ഡ്സ് പോലെ മാരകമായ, സമൂഹം ഏറ്റവും ഭീതിയോടെ കാണുന്ന രോഗമാകുമ്പോഴോ? എയ്ഡ്സ് ബാധിതയായ ഒരാള്‍ സ്വന്തം വീട്ടില്‍ നിന്നുപോലും എങ്ങനെ അന്യവത്കരിക്കപ്പെടുന്നു എന്നാണ് അരുവി എന്ന തമിഴ് ചിത്രം ആവിഷ്കരിക്കുന്നത്. അച്ഛന്റെ  ഓമനയായി വളര്‍ന്ന അരുവി എന്ന പെണ്‍കുട്ടി ഒറ്റ ദിവസം കൊണ്ട് വീട്ടുകാര്‍ക്ക് അനഭിമതയാകുന്നതും വീട്ടില്‍ നിന്ന് പുറംതള്ളപ്പെടുന്നതും തുടര്‍ന്ന് സമൂഹത്തോട് അവള്‍ നടത്തുന്ന പോരാട്ടവും വൈവിധ്യപൂര്‍ണ്ണമായ ആഖ്യാനശൈലിയിലൂടെ അവതരിപ്പിക്കുകയാണ് അരുവി. താരങ്ങളില്ലാത്ത അരുവിയില്‍ കഥയ്ക്കൊപ്പം കഥപറഞ്ഞ രീതിയും താരമാകുന്നു.

നടപ്പുള്ള സാമൂഹ്യ വ്യവസ്ഥയോടുള്ള ശക്തമായ വിമര്‍ശനം ഉള്‍ക്കൊള്ളുന്ന ഒരു സോഷ്യല്‍ സറ്റയര്‍ ആണ് അരുവി. എന്നാല്‍ സിനിമ ഉള്‍ച്ചേര്‍ക്കുന്ന രാഷ്ട്രീയം അതിന്‍റെ കലാമേന്മയ്ക്ക് പരിക്കേല്‍പ്പിക്കാത്ത വിധം കഥയോട് ഇണക്കിച്ചേര്‍ക്കാന്‍ കഴിയുന്നിടത്താണ് അരുവിയുടെ വിജയം. ഒരു അരുവി ഒരിക്കലും നേര്‍രേഖയില്‍ ഒഴുകാറില്ല. വളഞ്ഞും പുളഞ്ഞും തട്ടിത്തടഞ്ഞും കുതിച്ചുപാഞ്ഞുമൊക്കെയാണ് അതിന്‍റെ ലക്ഷ്യത്തിലേക്കുള്ള യാത്ര. അരുവി എന്ന സിനിമ അതിന്‍റെ പേരിനോട് നീതിപുലര്‍ത്തുന്നത് അതിന്‍റെ ആഖ്യാനശൈലികൊണ്ടാണ്.  റിയലിസം മുതല്‍ ഡോക്യുമെന്ററി വരെ വിവിധ ആഖ്യാനശൈലികള്‍ ഇടകലര്‍ത്തി എന്നാല്‍ സ്വാഭാവിക ഒഴുക്കോടെ സിനിമയെ അതിന്‍റെ ലക്ഷ്യത്തിലേക്ക് നയിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഹാസ്യത്തെ സാമൂഹ്യവിമര്‍ശനത്തിനുള്ള ശക്തമായ ഉപാധിയായി ഉപയോഗിക്കുന്നത് ചാര്‍ളിചാപ്ലിന്റെയും മറ്റും സിനിമകളില്‍ നാം കണ്ടിട്ടുണ്ട്. അരുവിയുടെ ആഖ്യാനവും ആ പാതയാണ് ഒരു ഘട്ടത്തില്‍ പിന്‍തുടരുന്നത്. രാഷ്ട്രീയപരമായി ഹാസ്യത്തെ ഉപയോഗിക്കുകയെന്നത് ഒരിക്കലും എളുപ്പമല്ല. കാരണം ഹാസ്യം സ്വയമേവ തന്നെ അരാഷ്ട്രീയവും മനുഷ്യവിരുദ്ധമായ ഉള്ളടക്കങ്ങളെ സംവഹിക്കുന്നുണ്ട്. എന്നാല്‍ അരുവിയില്‍ ഹാസ്യത്തെ തികഞ്ഞ രാഷ്ട്രീയ ജാഗ്രതയോടെ വ്യവസ്ഥിതിയുടെ വൈകല്യങ്ങളെ തെളിച്ചുകാണിക്കുന്ന കണ്ണാടിയായി ഉപയോഗിച്ചിരിക്കുന്നു. തുടക്കത്തില്‍ അരുവിയുടെ സന്തോഷകരമായ കുട്ടിക്കാലം ഗ്രാമഭംഗി നിറഞ്ഞ കുട്ടിരേവതിയുടെ ഗാനങ്ങളുടെ പശ്ചാത്തലത്തോടെ ഫ്ലാഷ്ബാക്കായിഅവതരിപ്പിക്കുന്നു. എന്നാല്‍ കഥ വിവിധ ഘട്ടങ്ങളിലേക്ക് പോകുന്തോറും ആഖ്യാനശൈലിയും അതിനനുസരിച്ച് സ്വയമെന്നോണം മാറിക്കൊണ്ടേയിരിക്കുന്നു.

നായകകേന്ദ്രീകൃതമായി നില കൊണ്ട് പ്രണയം, പ്രതികാരം തുടങ്ങിയ സ്ഥിരം ഫോര്‍മുലകള്‍ക്ക് ചുറ്റും കറങ്ങിയ തമിഴ് സിനിമ ഈ നൂറ്റാണ്ടിന്‍റെ തുടക്കത്തോടെ പതിവ് കഥകളും ആഖ്യാനസ്ഥലികളും വിട്ട് ജീവിതം മണക്കുന്ന ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കും നഗരത്തിലെ തെരുവിടുക്കുകളിലേക്കുമിറങ്ങി അവിടത്തെ പൊടിയും വിയര്‍പ്പുമണിഞ്ഞു. തമിഴ് ന്യൂവേവിന്റെ തുടക്കം സംബന്ധിച്ച് വിഭിന്നമായ അഭിപ്രായങ്ങളുണ്ടെങ്കിലും മണികണ്ഠന്‍ സംവിധാനം ചെയ്ത കാക്കാമുട്ടൈ, അമീര്‍ സുല്‍ത്താന്റെ പരുത്തിവീരന്‍, ശശികുമാറിന്റെ സുബ്രഹ്മണ്യപുരം, വെട്രിമാരന്‍റെ വിസാരണൈ, മിശ്കിന്റെ ഓനായും ആട്ടിന്‍‌കുട്ടിയും തുടങ്ങിയ ചിത്രങ്ങള്‍ തമിഴനൊപ്പം മലയാളിയുടേയും കാഴ്ചാശീലങ്ങളെ പൊളിച്ചെഴുതുന്നതില്‍ പ്രധാന പങ്കുവഹിച്ചു എന്നതില്‍ തര്‍ക്കമുണ്ടാവാനിടയില്ല. നവതരംഗ സിനിമയുടെ എല്ലാ സവിശേഷതകളേയും സ്വാശീകരിച്ച്, എന്നാല്‍ ആഖ്യാനശൈലിയിലെ സവിശേഷത കൊണ്ട്  നവതരംഗസിനിമ ഇപ്പോള്‍ നില്‍ക്കുന്ന ഇടങ്ങളില്‍ നിന്നും മുന്നോട്ട് പോകുന്ന ചിത്രമാണ്‌ അരുവി. അരുവിയിലെ ആഖ്യാനം രേഖീയമോ ഏകതാനമോ അല്ലെന്നു മാത്രമല്ല, ഏതെങ്കിലും പ്രത്യേക ജോണറില്‍ ഉള്‍പ്പെടുത്താവുന്നതല്ല അതിന്‍റെ പ്രതിപാദനശൈലി. സിനിമയുടെ തുടക്കത്തില്‍ അരുവി ഗ്രാമത്തില്‍ ജീവിക്കുന്ന കാലത്ത് നാടന്‍ ശീലുകള്‍ക്കൊപ്പമുള്ള ചിതറിയ ചിത്രശകലങ്ങളായും, പിന്നീടുള്ള ഘട്ടത്തില്‍ റിയലിസ്റ്റിക് ശൈലിയിലും, പിന്നീട് കറുത്തഹാസ്യത്തെ ഉപയോഗപ്പെടുത്തുമ്പോള്‍ തന്നെ പിരിമുറുക്കമുള്ള ത്രില്ലര്‍ ആയും, അടുത്ത ഘട്ടത്തില്‍ തമിഴില്‍ പതിവുള്ള നെടുങ്കന്‍ ഡയലോഗുകള്‍ ഉപയോഗിക്കുന്ന ഇമോഷണല്‍ ഡ്രാമയായും, അവസാനഭാഗത്ത് ഡോക്യുമെന്ററി ശൈലിയിലുമാണ് അരുവിയുടെ ആഖ്യാനം അതിന്‍റെ ഒഴുക്കിലെ വിവിധ തട്ടുകള്‍ പൂര്‍ത്തിയാക്കുന്നത്. ആദ്യ സിനിമ കൊണ്ട് തന്നെ തമിഴിലെ മികച്ച സംവിധായകരുടെ നിരയിലേക്കാണ് അരുണ്‍ പ്രഭു പുരുഷോത്തമന്‍ കടന്നു നില്‍ക്കുന്നത്.

ശക്തമായ രാഷ്ട്രീയം ഉള്‍ക്കൊള്ളുന്ന ചിത്രമാണ് അരുവി. ലിംഗനീതി, സമത്വം, സാമൂഹ്യഘടനയിലെ വിവിധ തട്ടുകള്‍ക്കിടക്കുള്ള സംഘര്‍ഷങ്ങള്‍, ഉപരിവര്‍ഗ്ഗ മനോഭാവത്തിന്റെ വൃത്തികെട്ട ആഡംബര പ്രകടനങ്ങള്‍, ജീവിതത്തേയും മരണത്തേയും, രോഗത്തേയും ദുഖങ്ങളെയും ടാം റേറ്റിംഗ് കൂട്ടാനുള്ള കരുക്കള്‍ മാത്രമാക്കി മാറ്റുന്ന മീഡിയ സെന്‍സേഷണലിസം, ട്രാന്‍സ്ജെന്ര്‍ വ്യക്തികളുടെ സാമൂഹ്യ പ്രതിനിധാനം തുടങ്ങി രാഷ്ട്രീയആഖ്യാനങ്ങളുടെ നിരവധി തട്ടുകളിലൂടെയാണ് അരുവി ഒഴുകിപ്പോകുന്നത്. ട്രാന്‍സ്ജെന്റര്‍ ആയ ഒരു കഥാപാത്രം സിനിമയില്‍ പരിഹാസപാത്രമാകുന്നതാണ് സാധാരണ പതിവ്. എന്നാല്‍ നായികയായ അരുവി കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായി എമിലി എന്ന ട്രാന്‍സ് വുമണ്‍ സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നു. അരുവിയുടെ ഏറ്റവും വലിയ താങ്ങും അവളുടെ എല്ലാ പദ്ധതികള്‍ക്കും പശ്ചാത്തലമൊരുക്കുന്ന പിന്തുണയും, രോഗക്കിടക്കയിലെ ആലംബവുമായി തുടക്കംമുതലൊടുക്കം വരെ എമിലിയുണ്ട്. തികഞ്ഞ രാഷ്ട്രീയജാഗ്രത പുലര്‍ത്തിക്കൊണ്ട് എന്നാല്‍ സിനിമയ്ക്ക് അതൊരു ബാധ്യതയാവാതെ സ്വാഭാവികവും അകൃത്രിമവുമായി അങ്ങനെയൊരു കഥാപാത്രം ഇന്ത്യന്‍ സിനിമയില്‍ അവതരിപ്പിക്കപ്പെടുന്നത് ആദ്യമായാവണം. ഒരര്‍ത്ഥത്തില്‍ അരുവിക്ക് വ്യവസ്ഥിതിയുടെ കെട്ടുപാടുകളില്‍ നിന്ന് പുറത്തുകടക്കാനുള്ള വാതിലായി എമിലിയുടെ സാന്നിധ്യം മാറുന്നുണ്ട്. രോഗാതുരമായ ജീവിതത്തെ ജോലിചെയ്തും ഇഷ്ടമുള്ളിടത്തെല്ലാം യാത്രചെയ്തും സന്തോഷപൂര്‍ണ്ണമാക്കാന്‍ പരസ്പരം തുണയായ അവര്‍ക്ക് കഴിയുന്നു. സമൂഹത്തില്‍ നിന്ന് പുറംതള്ളപ്പെട്ടവര്‍ക്കും സാധാരണമനുഷ്യരുടെ ആനന്ദങ്ങള്‍ക്ക് അവകാശമുണ്ട് എന്ന വലിയ സന്ദേശം സിനിമ മുന്നോട്ട് വെയ്ക്കുന്നുണ്ട്. ട്രാന്‍സ് ജന്ററായ ഒരാള്‍ക്കും നല്ല കൂട്ടുകാരിയും വിശ്വസ്തയായ സഹയാത്രികയും ആവാന്‍ കഴിയുമെന്ന് അരുവിയല്ലാതെ മറ്റൊരു സിനിമയും നമുക്കിത് വരെ കാണിച്ചുതന്നിട്ടില്ല.

ദൃശ്യമാധ്യമരംഗത്തെ താരപ്പൊങ്ങച്ചങ്ങളും, സെക്യൂരിറ്റിയും ലൈറ്റ് ബോയും മുതല്‍ സംവിധായകനും അവതാരകയായ എക്സ് സിനിമാനടിയും വരെയുള്ള ആ മേഖലയിലെ സാമൂഹ്യപിരമിഡിന്റെ ഘടനയും സ്വഭാവവും അരുവിയില്‍ ആവിഷ്കരിക്കപ്പെടുന്നുണ്ട്. അപ്രതീക്ഷിതമായ ഒരു ആഘാതമേല്‍ക്കുമ്പോള്‍ ഈ ഘടന അട്ടിമറിക്കപ്പെടുന്നതെങ്ങനെ എന്നും കാണാം. ഹാസ്യത്തെ സമര്‍ത്ഥമായി ഉപയോഗിച്ചുകൊണ്ടാണ് ഈ പൊളിച്ചെഴുത്ത് സംവിധായകന്‍ സാധ്യമാക്കുന്നത്. അപ്രതീക്ഷിതമായ സംഭവവികാസങ്ങളെ ഊതിപ്പെരുപ്പിച്ച് മാധ്യമങ്ങള്‍ സമൂഹത്തില്‍ ഭീതിപരത്തുന്നതെങ്ങനെ എന്ന് അരുവിയില്‍ നിന്ന് പഠിക്കാവുന്നതാണ്. ന്യൂസുകള്‍ ബ്രേക്ക് ചെയ്യാനും, ടാം റേറ്റിംഗ് ഉയര്‍ത്താനുള്ള തത്രപ്പാടുകള്‍ക്കിടയില്‍ മാധ്യമധര്‍മ്മമെന്തായിരിക്കണം എന്ന് സിനിമ  ചോദ്യമുയര്‍ത്തുന്നു. റിട്ടയേഡ് സിനിമാനടികള്‍ക്ക് നാട്ടുകാരുടെ മൊത്തം പ്രശ്നങ്ങളില്‍ ഇടപെടാനുള്ള അധികാരവും ഏത് പ്രശ്നവും പരിഹരിക്കാനുള്ള കഴിവുമുണ്ടെന്ന് ഭാവിച്ചുകൊണ്ടുള്ള ചാനല്‍ വിചാരണകളെ സിനിമ കണക്കറ്റ് പരിഹസിക്കുന്നുണ്ട്. ഇത്തരം പരിപാടികള്‍ യാഥാസ്ഥിതിക മൂല്യങ്ങളേയും മനുഷ്യവിരുദ്ധതയേയും അരക്കിട്ടുറപ്പിക്കുന്നത് മലയാളത്തിലെ ദൃശ്യമാധ്യമങ്ങളിലും പതിവ് കാഴ്ച്ചയാണ്. എക്സ് – സിനിമാതാരങ്ങളുടെ കരിസ്മാറ്റിക് സാന്നിധ്യങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും മുന്നില്‍ ചുരുണ്ടിരിക്കുന്ന സാധാരണക്കാരുടെ അവസ്ഥയും റേറ്റിംഗ് കൂട്ടാനുള്ള നെറികെട്ട ശ്രമങ്ങളുമെല്ലാം സമൂഹത്തിന്‍റെ ശ്രദ്ധ പതിയേണ്ട വിഷയം തന്നെയാണ്.

എച്ച് ഐ വി ബാധിതരുടെ പ്രശ്നങ്ങള്‍ ഇന്ത്യന്‍ സിനിമയ്ക്ക് അധികം വിഷയമായിട്ടില്ല. മൈ ബ്രദര്‍ നിഖില്‍ പോലെയുള്ള അപൂര്‍വ്വം സിനിമകള്‍ മാത്രമാണ് ഈ വിഷയത്തെ പരിമിതമായെങ്കിലും കൈകാര്യം ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്ഷം കാനില്‍ ഗ്രാന്റ് പ്രി പുരസ്കാരം നല്‍കിയ 120 ബി പി എം എന്ന ചിത്രം എയ്ഡ്സ് ബോധവത്കരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആക്റ്റ് അപ്പ് എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളുടെ യഥാതഥ ആവിഷ്കരണമാണ്. എയ്ഡ്സ് രോഗികളുടെ പ്രശ്നങ്ങള്‍ പൊതുശ്രദ്ധയില്‍ കൊണ്ടുവരാന്‍ കൃത്രിമ രക്തം നിറച്ച പാക്കറ്റുകള്‍ കൊണ്ട് എറിയുക, പ്രധാനപ്പെട്ട വേദികളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ പ്രകോപനപരമായ രീതികള്‍ പിന്തുടരുന്നത് ആ ചിത്രത്തില്‍ കാണാനാവും. അരുവിയിലും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി എല്ലാവരേയും തന്‍റെ ഇഛകള്‍ക്ക് അനുസരിച്ച് താളം തുള്ളിച്ചാണ് തന്‍റെ പ്രശ്നങ്ങള്‍ അരുവി പൊതുജനശ്രദ്ധയില്‍ എത്തിക്കുന്നത്. നിസ്സാരയും രോഗിയുമായ ഒരു പെണ്ണിന് സമൂഹത്തിന്‍റെ ശ്രദ്ധയില്‍ കടന്നുവരാന്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടി വരുന്നു എന്ന വിരോധാഭാസമാണ് അരുവിയുടെ ആഖ്യാനത്തെ ഒരര്‍ത്ഥത്തില്‍ ശക്തമാക്കുന്നത്.

ആലംബമില്ലാതെ അഭയം പ്രാപിക്കുന്ന അരുവിയെ ചൂഷണം ചെയ്യുന്ന കൂട്ടുകാരിയുടെ അച്ഛനും, തൊഴിലുടമയും, ഭക്തിയുടെ പേരില്‍ ചൂഷണം ചെയ്യുന്ന സ്വാമിയുമെല്ലാം ഒറ്റക്കാകുന്ന പെണ്‍കുട്ടിക്ക് നേരിടേണ്ടി വരുന്ന പതിവ് ഹിംസ്രമൃഗങ്ങള്‍ തന്നെയാണ്. തങ്ങളുടെ ചെയ്തികളെപ്പറ്റി കുറ്റബോധമില്ലാത്ത അവരെക്കൊണ്ട് മാപ്പുപറയിക്കുക എന്നല്ലാതെ അവരോട്  പ്രതികാരം ചെയ്യാന്‍ അരുവി തയ്യാറാകുന്നില്ല. പെണ്ണിനോടുള്ള സമൂഹത്തിന്‍റെ മുന്‍വിധികളോടും എയ്ഡ്സ് എന്നാല്‍ വഴി തെറ്റിനടന്നവര്‍ക്ക് വന്നുചേരുന്ന  സ്വാഭാവിക പരിണാമമാണ് എന്നുള്ള തെറ്റിദ്ധാരണയോടും അരുവി കലഹിക്കുന്നു. എന്നാല്‍ ജീവിതത്തിന്‍റെ സന്തോഷമെന്താണ് എന്ന് തുടങ്ങുന്ന ഉപഭോഗസംസ്കാരത്തിന്‍റെയും സാമൂഹ്യവ്യവസ്ഥയുടെയും ദോഷങ്ങളെക്കുറിച്ചുള്ള പ്രഭാഷണം വാചാടോപമായി മാറുന്നു. സിനിമ ദുര്‍ബലമാക്കപ്പെടുന്ന ഏക രംഗവും ഇത് തന്നെ. അവസാന രംഗങ്ങളില്‍ കൈവിട്ടുപോകുന്ന കഥയുടെ മുറുക്കവും പരിമിതിയായി കാണാം.

അരുവിയുടെ ശക്തി പ്രധാനകഥാപാത്രമായ അരുവി എന്ന ഇരുപത്തഞ്ച്കാരിപ്പെണ്‍കുട്ടി തന്നെയാണ്. ലക്ഷ്മി ഗോപാലസ്വാമി ഒഴികെ മറ്റ് പരിചയസമ്പന്നരായ  അഭിനേതാക്കള്‍ ഒന്നുമില്ലാതിരുന്നിട്ടും സിനിമയെ ഒന്നാകെ തോളിലേറ്റാനും മുന്നോട്ട് നയിക്കാനും ആ കഥാപാത്രത്തിനും അരുവിയെ അവതരിപ്പിച്ച അതിഥിബാലന്‍ എന്ന പുതുമുഖത്തിനുമാവുന്നുണ്ട്. ഊര്‍ജ്ജസ്വലമായ പെണ്‍കുട്ടിക്കാലവും, ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ത്രില്ലര്‍ രംഗങ്ങളും, മരണത്തെ മുഖാമുഖം കാണുന്ന ജീവിതാന്ത്യവുമെല്ലാം റിയലിസ്റ്റിക് ആയി, കല്ലുകടികളില്ലാതെ അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിയുന്നത് ഒരു പുതുമുഖത്തെ സംബന്ധിച്ചിടത്തോളം നൈസര്‍ഗ്ഗികപ്രതിഭയുടെ സൂചന തന്നെയാണ്. എമിലിയെ അവതരിപ്പിച്ച ട്രാന്‍സ്ജെന്റര്‍ തന്നെയായ അഞ്ജലി വരദനും സിനിമയില്‍ സ്വാഭാവികമായി തന്നെ ജീവിച്ചുകാണിക്കുന്നു. ആഖ്യാനശൈലിക്കനുസരിച്ച് കാമറയുടെ കാഴ്ച്ച യില്‍ വരുന്ന മാറ്റങ്ങളും അരുവിക്ക് ഭംഗി കൂട്ടുന്നു.

അരുവി ഉന്നയിച്ച ചോദ്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടാലും ഇല്ലെങ്കിലും ആഖ്യാനശൈലിയിലും ഇതിവൃത്തത്തിലും ഇനി വരാനുള്ള സിനിമകളെ അരുവി സ്വാധീനിക്കുമെന്നതില്‍ സംശയമില്ല. തമിഴ് നവതരംഗ സിനിമ വൈവിധ്യമില്ലായ്മയിലേക്കും ദുര്‍ബ്ബലമായ ഇതിവൃത്തങ്ങളിലേക്കും വീണുതുടങ്ങിയ കാലത്ത് സിനിമക്ക് പുതിയോരൂര്‍ജ്ജം പകരാന്‍ അരുവിക്ക് കഴിയും. വേറിട്ട ഇത്തരം ശ്രമങ്ങളാണ് എക്കാലവും, ഏത് ഭാഷയിലും സിനിമയെ മുന്നോട്ട് നടത്തിയിട്ടുള്ളതും.

ഡോ. സംഗീത ചേനംപുല്ലി

One thought on “കുളിര്‍ നീരുറവല്ല പൊള്ളുന്ന കണ്ണീര്‍പ്പാച്ചിലാണ് അരുവി”

Leave a Reply

Your email address will not be published. Required fields are marked *